udhav-thackeray-

മുംബയ്: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ ഇന്നലെ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. 169 എം. എൽ. എമാരുടെ പിന്തുണയാണ് സർക്കാരിനു ലഭിച്ചത്.

സുപ്രീംകോടതി നിർദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. അതിന് മുൻപ് തന്നെ സഭാ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ 105 അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വിശ്വാസ പ്രമേയത്തിനെതിരെ ആരും വോട്ട് ചെയ്‌തില്ല. നാല് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

മഹാ വികാസ് അഘാഡി കക്ഷികളായ കോൺഗ്രസ്, എൻ. സി. പി, ശിവസേന എന്നിവയ്‌ക്ക് മൊത്തം 154 സീറ്റാണുള്ളത്. വിശ്വാസ വോട്ടിൽ അതിനേക്കാൾ 15 പേരുടെ പിന്തുണ കൂടുതൽ ലഭിച്ചു. തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയും ലഭിച്ചിട്ടുണ്ട്. 288 അംഗ നിയമസഭയിൽ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

ഉദ്ധവ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കായി നിയമിച്ച പ്രോട്ടെം സ്പീക്കറെ മാറ്റിയതിനെ ബി. ജെ. പി ചോദ്യം ചെയ്‌തു.പ്രോടെം സ്പീക്കറെ മാറ്റിയതിന്റെ കാരണം വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികൾ ബഹിഷ്‌കരിക്കുകയാണെന്നും ബി.ജെ.പി പ്രഖ്യാപിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഫഡ്‌നാവിസ് ആരോപിച്ചു. തുടർന്നാണ് ബി. ജെ. പി സഭ ബഹിഷ്‌കരിച്ചത്.

വിശ്വാസ വോട്ട് നേടാൻ ഗവർണർ ഡിസംബർ 3 വരെ സമയം നൽകിയിരുന്നെങ്കിലും ഇന്നലെ തന്നെ ഭൂരിപക്ഷം തെളിയിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

കക്ഷിനില

ബി.ജെ.പി -105

ശിവസേന - 56

എൻ. സി. പി - 54

കോൺഗ്രസ് - 4 4