jharkhand-polls

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്നലെ ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 64.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെയായിരുന്നു വോട്ടെടുപ്പ്. ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ ഐ.പി.എസ് ഓഫീസറുമായ രാമേശ്വർ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ. മൊത്തം 189 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബി.ജെ.പി 12 ഇടങ്ങളിൽ മത്സരിക്കുന്നു. ഹുസെയ്നാബാദിൽ സ്വതന്ത്രസ്ഥാനാർത്ഥി വിനോദ് സിംഗിനെ ബി.ജെ.പി പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷത്തെ ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളിൽ മത്സരിക്കും.18,01,356 വനിതാ വോട്ടർമാരും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 37,83,055 വോട്ടർമാർക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പിൽ സമ്മതിദാനാവകാശം. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഡിസംബർ 20ന് അവസാനിക്കും. ഡിസംബർ 23 നാണ് വോട്ടെണ്ണൽ.

മാവോയിസ്റ്റുകൾ പാലം തകർത്തു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മാവോയിസ്റ്റുകൾ പാലം തകർത്തു. വോട്ടുചെയ്യുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നതിനായാണ് ആക്രമണം. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനത്തിലൂടെ ഖാഖരകാഠ്‌കോട്വ ഹൈവേയുടെ ഭാഗമായ പാലം തകർത്തത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന മാവോയിസ്റ്റുകളുടെ ആഹ്വാനം ജനങ്ങളെ സ്വാധീനിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഇവർ പാലം ബോംബ് വച്ച് തകർത്തത്.