മുംബയ്: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ത്രികക്ഷി സർക്കാർ വിശ്വാസവോട്ട് നേടിയെങ്കിലും മന്ത്രിസ്ഥാനങ്ങൾക്കു വേണ്ടിയുള്ള വിലപേശലുകൾ തുടരുന്നത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. സത്യപ്രതിജ്ഞയ്ക്കു മുൻപുതന്നെ ശിവസേന - എൻ.സി.പി - കോൺഗ്രസ് കക്ഷികൾ ചർച്ച നടത്തി മന്ത്രിസ്ഥാനങ്ങളെ പറ്റി ധാരണയിലെത്തിയെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
സ്പീക്കർ സ്ഥാനം കോൺഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എൻ.സി.പിക്കും നൽകാൻ ധാരണയായെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും എൻ.സി.പി അത് തള്ളിയതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ഉപമുഖ്യമന്ത്രി സ്ഥാനമേ ഉണ്ടാവൂ എന്നും അത് എൻ.സി.പിക്ക് ആയിരിക്കുമെന്നുമായിരുന്നു ആദ്യ ധാരണ. എന്നാൽ മൂന്നാംസ്ഥാനക്കാരാകാൻ തയ്യാറല്ലെന്നാണത്രേ കോൺഗ്രസിന്റെ നിലപാട്. എൻ.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതിൽ എതിർപ്പില്ല. ഒപ്പം തങ്ങൾക്കും ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.
മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ തർക്കം രൂക്ഷമായേക്കും. എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ സംസ്ഥാന നേതൃത്വങ്ങൾക്ക് പ്രശ്നം പരിഹരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇരു കക്ഷികളുടെയും ദേശീയ നേതൃത്വങ്ങൾ ഇടപെട്ടു എന്നാണ് സൂചന.
സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുന്നത് ഒഴിച്ചാൽ മന്ത്രിസ്ഥാനങ്ങളെ പറ്റി മൂന്നു പാർട്ടികളും തമ്മിൽ ധാരണ ആയില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനം കൂടാതെ, ആഭ്യന്തരം, ധനകാര്യം, റവന്യൂ, സഹകരണം, ഗ്രാമവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ സംബന്ധിച്ചും തർക്കം തുടരുകയാണ്.
വിശ്വാസവോട്ടെടുപ്പിനു തൊട്ടുപിന്നാലെ മന്ത്രിസഭാവികസനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും തർക്കങ്ങൾ തുടരുന്നതിനാൽ അത് നീളാനാണ് സാദ്ധ്യത. സമവായത്തിൽ എത്തിയ ശേഷമേ മന്ത്രിസഭാ വികസനം ഉണ്ടാകൂ എന്നും റിപ്പോർട്ടുണ്ട്.