bribe-case

തിരുവനന്തപുരം: വാളയാർ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ ഇന്നലെ പുലർച്ചെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച മൂന്ന് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു.

ചരക്ക് വാഹനങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകരുമായി വരുന്ന വാഹനങ്ങളിൽ നിന്നും ആർ.ടി.ഒ ഉദ്യോഗസ്ഥർ അനധികൃതമായി പണം പിരിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വെള്ളിയാഴ്ച രാത്രി 10 മുതൽ വിജിലൻസ് സംഘം വേഷം മാറി ചെക്ക് പോസ്റ്റ് നിരീക്ഷിച്ചപ്പോൾ, പിരിക്കുന്ന പണം ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് കൈമാറി ചെക്പോസ്റ്റിൽ നിന്ന് മാറ്റുന്നതായി കണ്ടെത്തി. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഏജന്റുമാരെ പിന്തുടർന്ന് പണം പിടിച്ചെടുക്കുകയായിരുന്നു. മുജീബ് റഹ്‌മാൻ, ഹക്കീം, നിഷാദ് എന്നിവരാണ് പിടിയിലായത്.

39,500രൂപ ഏജന്റിന് കൈമാറുന്നതിനിടെ ചെക്പോസ്റ്റിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുജിത്തും വിജിലൻസിന്റെ പിടിയിലായി.
പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി മാത്യൂ രാജ് കള്ളിക്കാടന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ ശശിധരൻ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാരായ സുരേന്ദ്രൻ, സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രമേഷ്, പ്രമോദ്, സനേഷ്, പൊതു വിതരണ വകുപ്പ് സൂപ്രണ്ട് സുരേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയുടെ വിശദ റിപ്പോർട്ട് സർക്കാരിന് അയയ്‌ക്കുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.