റയോ ഡി ജെനീറോ:പരിസ്ഥിതി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന വിഖ്യാത അമേരിക്കൻ നടൻ ലിയനാർഡോ ഡി കാപ്രിയോ, ആമസോൺ കാടുകൾ കത്തിക്കാൻ പണം ചെലവാക്കിയെന്ന ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ അടിസ്ഥാന രഹിതമായ ആരോപണം പരക്കെ വിമർശനത്തിനിടയാക്കി.
'ലിയനാർഡോ ഡികാപ്രിയോ ഒരു ശാന്തനായ മനുഷ്യനാണ്. പക്ഷേ, ആമസോൺ കത്തിക്കുന്നവർക്ക് പണം നൽകി. ബ്രസീലിനെതിരായ പ്രചാരണത്തിലാണ് നിങ്ങൾ '- ജയിർ പറഞ്ഞു. ഫേസ്ബുക്ക് ബ്രോഡ്കാസ്റ്റിലൂടെയാണ് ജയിർ ഒരു തെളിവും നിരത്താതെ ആരോപണം ഉന്നയിച്ചത്.
ഡികാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ 'എർത്ത് അലയൻസ്' ആമസോൺ മഴക്കാടുകളെ വൻതോതിൽ നശിപ്പിച്ച കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രവർത്തനത്തിനായി 35 കോടിയോളം രൂപ നൽകിയിരുന്നു. ആമസോൺ കാടുകൾ കത്തിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ പ്രവർത്തിക്കുന്നയാളാണ് ലിയനാർഡോ. സംഭവത്തിൽ പ്രസിഡന്റ് ബോൾസൊനാരോയുടെ നിലപാടുകളെയും നടൻ വിമർശിച്ചിരുന്നു. ആമസോൺ കാടുകൾ കത്തിക്കുന്ന വിഷയം ലോകവ്യാപകമായി ചർച്ച ചെയ്യാനിടയാക്കിയത് ലിയനാർഡോയുടെ ഇടപെടലുകളാണ്. അത് ബ്രസീൽ പ്രസിഡന്റിനെ പ്രകോപിപ്പിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.
ആമസോൺ മഴക്കാടുകൾ കത്തിച്ച് രണ്ട് അന്താരാഷ്ട്ര എൻ.ജി.ഒകൾക്ക് ഫണ്ട് സ്വരൂപിക്കാനുള്ള വഴിയൊരുക്കുന്നു എന്നാരോപിച്ച് ബ്രസീൽ പൊലീസ് കഴിഞ്ഞ ദിവസം നാല് പരിസ്ഥിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി പിന്നീട് വിട്ടയച്ചിരുന്നു. ഈ എൻ.ജി.ഒകൾക്ക് ലിയനാർഡോയും മൂന്ന് ലക്ഷം ഡോളർ നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ജയിറിന്റെ മകൻ എഡ്യൂർഡോ പ്രസ്താവിച്ചിരുന്നു. എന്നാൽ വിവാദ എൻ.ജി.ഒകൾക്ക് ഫണ്ട് നൽകിയിട്ടില്ലെന്ന് ഡികാപ്രിയോ പ്രസ്താവനയിൽ വ്യക്തമാക്കി.