bribe-case

തിരുവനന്തപുരം: പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ജില്ലാ സഹകരണ വകുപ്പ് ഓഫീസിലെ സീനിയർ സെയിൽ ഓഫീസർ സി.വി. അനിൽ വിജിലൻസ് പിടിയിലായി. വെള്ളിയാഴ്ച രാത്രി 8.30ഓടെ തൃശൂർ ടൗൺ മിഷൻ ആശുപത്രിക്ക് സമീപത്തെ ബേക്കറിക്കു സമീപം വച്ചാണ് ഇയാൾ പിടിയിലായത്. 15,000 രൂപ കൂടാതെ പോക്കറ്റിൽ നിന്ന് 65,000 രൂപയും ഇയാളുടെ കാറിൽ ഉണ്ടായിരുന്ന 1,38,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഈ തുകകളും കൈക്കൂലി വാങ്ങിയതാണെന്ന് സംശയിക്കുന്നതായി വിജിലൻസ് അറിയിച്ചു. പുത്തൂർ സ്വദേശിയായ അനിൽ വില്യം പ്രമാണം പണയം വച്ചെടുത്ത ഒന്നര ലക്ഷം രൂപയുടെ ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി നോട്ടീസ് വന്നപ്പോൾ തുക കുറച്ച് ലഭിക്കണമെന്ന ആവശ്യവുമായി സെയിൽ ഓഫീസറായ അനിലിനെ സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ കൈക്കൂലി നൽകാമെന്ന് പറഞ്ഞതിനാൽ ഉദ്യോഗസ്ഥൻ ആദ്യം പലിശ സഹിതം 3,60,000 രൂപ തിരിച്ചടയ്ക്കണമെന്നും പിന്നീട് 3,40,000 രൂപ തിരിച്ചടച്ചാൽ മതിയെന്നും പറഞ്ഞു. തുടർന്ന് പണവുമായി ബാങ്കിലെത്തിയപ്പോൾ 3,25,000 രൂപ ബാങ്കിൽ അടയ്ക്കാനും ബാക്കി 15,000 രൂപ തൃശൂർ ടൗൺ മിഷൻ ആശുപത്രിക്ക് സമീപത്ത് വച്ച് രാത്രി കൈമാറാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അനിൽ വില്യം തൃശൂർ വിജിലൻസ് ഓഫീസിൽ അറിയിച്ചു.

തൃശൂർ യൂണിറ്റ് ഡിവൈ.എസ്.പി മാത്യു രാജ് കള്ളിക്കാടൻ, ഇൻസ്‌പെക്ടർമാരായ ജിംപോൾ, സലിൽ കുമാർ, ഗ്രേഡ് എസ്.ഐമാരായ ബിജു, ഗിരീഷ് കുമാർ, സി.പി.ഒ അരുൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ തൃശൂർ വിജിലൻസ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.