കോഴിക്കോട്: സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉപഭോക്താക്കൾക്കും വില്പനക്കാർക്കും ഒരുപോലെ നേട്ടമാകുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ബി.ഐ.എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പുവരുത്തണമെന്ന പുതിയ നിബന്ധന ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതും സ്വർണാഭരണ വിതരണ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതുമാണ്.
ബി.ഐ.എസ് ഹാൾമാർക്കിംഗ് സംവിധാനം ഏറ്രവുമാദ്യം നടപ്പാക്കിയ ജുവലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഉപഭോക്താവ് മുടക്കുന്ന പണത്തിന് പൂർണമൂല്യവും ആഭരണത്തിന് പരിശുദ്ധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള തീരുമാനം സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കും. ഇത് സ്വർണാഭരണ വിതരണ മേഖലയ്ക്ക് ഉണർവുമാകും.
പരിശുദ്ധിയിൽ തട്ടിപ്പ് നടത്തിക്കൊണ്ട്, ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടി സ്വർണാഭരണ മേഖലയിൽ നിലനിൽക്കുന്നുണ്ട്. സ്വർണാഭരണ മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ പുതിയ നിബന്ധനയ്ക്ക് കഴിയും. സ്വർണക്കള്ളക്കടത്തും ഒരുപരിധിവരെ തടയാനാകും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ജുവലറികൾക്ക് വ്യാപാര വളർച്ചയ്ക്ക് വഴിയൊരുക്കുന്ന നടപടിയുമാണിത്.
അതേസമയം, വ്യാജ ഹാൾമാർക്കിംഗ് തടയാനായി ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം കർശനമായി നടപ്പാക്കുകയും ബാർ കോഡ് സംവിധാനം കൊണ്ടുവരുകയും വേണം. ബി.ഐ.എസ് ഹാൾമാർക്കിംഗ് നടത്തിയ ആഭരണങ്ങളുടെ പരിശുദ്ധിയെ കുറിച്ചും അവയുടെ വിശ്വാസ്യത സംബന്ധിച്ചും രാജ്യവ്യാപകമായി സർക്കാർ ബോധവത്കരണ കാമ്പയിൻ നടത്തണമെന്നും എം.പി. അഹമ്മദ് പറഞ്ഞു.
കേന്ദ്ര തീരുമാനം സ്വാഗതം
ചെയ്ത് കല്യാൺ ജുവലേഴ്സ്
കൊച്ചി: സ്വർമാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കല്യാൺ ജുവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. നിയമാനുസൃതമായ ആഭരണമേഖലയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇതു സഹായിക്കും.
കല്യാൺ ജുവലേഴ്സ് 100 ശതമാനവും ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളാണ് വില്ക്കുന്നത്. നിലവിൽ വലിയ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമാണ് ബി.ഐ.എസ് സർട്ടിഫിക്കേഷൻ കേന്ദ്രങ്ങളുള്ളത്. ഇതു പരിഹരിക്കാനായാൽ ചെറിയ പട്ടണങ്ങളിലെ റീട്ടെയിൽ വില്പനക്കാർക്കും ഹാൾമാർക്ക് ആഭരണങ്ങളിലേക്ക് മാറാനാകുമെന്നും അദ്ദേഹം പറഞ്ഞു.
2021 ജനുവരി മുതൽ
ഹാൾമാർക്ക് നിർബന്ധം
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് 2021 ജനുവരി 15 മുതലാണ് നിർബന്ധമാക്കുന്നതെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാംവിലാസ് പസ്വാൻ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ അടുത്ത ജനുവരി 15ന് പുറത്തിറക്കും. ബി.ഐ.എസ് ഹാൾമാർക്കിംഗിലേക്ക് മാറാനും പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുമാണ് ഒരുവർഷത്തെ സമയം വിതരണക്കാർക്ക് നൽകുന്നത്.
മാനദണ്ഡം ലംഘിക്കുന്നവർക്ക് ഒരുലക്ഷം രൂപ മുതൽ സ്വർണാഭരണത്തിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴ, ഒരുവർഷം ജയിൽ എന്നീ ശിക്ഷകൾ കഴിഞ്ഞവർഷം പാസായ ബി.ഐ.എസ് ആക്ടിലുണ്ട്.
877
നിലവിൽ 234 ജില്ലകളിലായി 877 ഹാൾമാർക്കിംഗ് കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ആകെ 26,019 ജുവലറികളാണ് ഇതുവരെ ബി.ഐ.എസ് ഹാൾമാർക്കിംഗ് രജിസ്ട്രേഷൻ നേടിയിട്ടുള്ളത്.
''ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങളെ പുതിയ നിബന്ധന ബാധിക്കില്ല. സ്വർണാഭരണ ശാലകൾ 2021 ജനുവരി 15 മുതൽ വില്ക്കുന്ന സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധം""
റാംവിലാസ് പസ്വാൻ,
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി
760 ടൺ
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 760 ടൺ സ്വർണമാണ് 2018ൽ ഇന്ത്യയിലെ ഡിമാൻഡ്.
കാരറ്റ് കണക്ക്
22 കാരറ്ര്, 20 കാരറ്ര്, 18 കാരറ്ര്, 14 കാരറ്ര് എന്നിങ്ങനെ മാനദണ്ഡങ്ങളിലാണ് സ്വർണാഭരണത്തിന്റെ പരിശുദ്ധി സൂചിപ്പിക്കുക.