london

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൽ വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളെന്ന് സ്ഥിരീകരിച്ചു. ആൾക്കൂട്ടത്തിന് നേരെ കത്തിയുമായെത്തിയ യുവാവിന്റെ ആക്രമണത്തിൽ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. നേരത്തേ തീവ്രവാദ കേസിൽ ജയിലിലായിരുന്ന ഭീകരൻ ഉസ്മാൻ ഖാനാണ് (28) ആക്രമണം നടത്തിയതെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു.
ഇയാൾ ശരീരത്ത് കെട്ടിവച്ച ബോംബ് വ്യാജമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.58ന് പാലത്തിന്റെ വടക്കുഭാഗത്താണ് ആക്രമണം നടന്നത്. ആൾക്കൂട്ടത്തിന് നേരെ യുവാവ് കത്തി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചു. അക്രമിയെ പൊലീസ് വെടിവയ്ക്കുന്ന ദൃശ്യങ്ങളുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ പ്രതിരോധിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

 2017ലും ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടന്നിരുന്നു

 8 പേരാണ് അന്ന്‌ കൊല്ലപ്പെട്ടത്

 2012ലെ ഭീകരാക്രമണ കേസിൽ ഉസ്മാനെ ശിക്ഷിച്ചിരുന്നു

 2018ൽ മോചിതനായി. സ്റ്റാഫോർഡ്‌ഷെയറിലാണ് താമസം

ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഭീകരരെ ജയിൽ മോചിതരാക്കുന്നത് തെറ്റാണ്. ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ ഭീകരന്റെ കാര്യത്തിൽ ഇങ്ങനെയൊരു തെറ്റ് പറ്റി.

- ബോറിസ് ജോൺസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി