തിരുവനന്തപുരം: ബിന്ദു അമ്മിണി തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പറഞ്ഞത് തികച്ചും തെറ്റായ കാര്യങ്ങളാണെന്ന് മന്ത്രി എ.കെ. ബാലൻ. താൻ ഓഫീസിൽ വന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയംകൊണ്ടാണെന്ന ബിന്ദു അമ്മിണി പ്രസ്താവനയ്ക്ക് ഫേസ്ബുക്കിലുടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബിന്ദു അമ്മിണി നടത്തിയ ഒരു പ്രസ്താവന കാണാനിടയായി. തികച്ചും തെറ്റായ കാര്യങ്ങളാണ് അവർ പറഞ്ഞിട്ടുള്ളത്.
ബിന്ദു അമ്മിണി ഓഫീസിൽ വന്ന ദിവസം ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവർ ഓഫീസിൽ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്.
ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പരാതിയുമായാണ് ഇവർ എന്റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവർ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്റെ ഓഫീസിൽ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികൾ രണ്ടും അനന്തര നടപടികൾക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുമ്പ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകും. ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല.