ന്യൂഡൽഹി: ഇന്ത്യയിലെ 42 ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ (എസ്.സി.ബി) ചേർന്ന് 2018-19ൽ എഴുതിത്തള്ളിയത് നിഷ്ക്രിയ ആസ്തിയായി (കിട്ടാക്കടം - എൻ.പി.എ) മാറിയ 2.12 ലക്ഷം കോടി രൂപയുടെ വായ്പകൾ. 2017-18ൽ എഴുതിത്തള്ളിയ 1.50 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 42 ശതമാനമാണ് വർദ്ധന. ഈ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ 20 ശതമാനമാണ് കഴിഞ്ഞവർഷം എഴുതിത്തള്ളിയത്.
കിട്ടാക്കടം എഴുതിത്തള്ളുക (റൈറ്ര് ഓഫ്) എന്നതിന് അർത്ഥം വായ്പയെടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പകൾ ബാലൻസ് ഷീറ്രിൽ നിന്ന് മാറ്റുന്നു എന്നതാണ് എഴുതിത്തള്ളുന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇത് ബാലൻസ് ഷീറ്ര് മെച്ചപ്പെട്ടതാക്കാനായി ബാങ്കുകളെടുക്കുന്ന നടപടിയാണ്. വായ്പ എടുത്തയാൾ വായ്പ, പലിശസഹിതം തിരിച്ചടയ്ക്കുക തന്നെ വേണം. അല്ലെങ്കിൽ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.
കിട്ടാക്കടം ഒഴിവാക്കി, ബാലൻസ് ഷീറ്ര് മെച്ചപ്പെടുത്തണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. 2014-15ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറ്റതുമുതൽ ഇതുവരെ 5.7 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. 2018-19ൽ 21 പൊതുമേഖലാ ബാങ്കുകൾ സംയുക്തമായി എഴുതിത്തള്ളിയത് 1.9 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ്. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ എഴുതിത്തള്ളിയ മൊത്തം കിട്ടാക്കടത്തിന്റെ 90 ശതമാനമാണിത്.
2014-15ലേതിനേക്കാൾ നാലിരട്ടി തുകയാണ് കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്. കഴിഞ്ഞവർഷത്തെ കണക്കിൽ 56,500 കോടി രൂപയുമായി എസ്.ബി.ഐയാണ് മുന്നിൽ. എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായി ലയിച്ചതോടെയാമ് എസ്.ബി.ഐയുടെ എഴുതിത്തള്ളൽ തുക ഉയർന്നത്.
₹9.4 ലക്ഷം കോടി
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018-19ൽ 9.4 ലക്ഷം കോടി രൂപയാണ്. 2014-15ൽ ഇത് 3.2 ലക്ഷം കോടി രൂപയായിരുന്നു. മൂന്നിരട്ടിയായാണ് ഇക്കാലയളവിൽ വർദ്ധന.
90%
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയ മൊത്തം കിട്ടാക്കടത്തിന്റെ 90 ശതമാനവും പൊതുമേഖലാ ബാങ്കുകളിലായിരുന്നു.