loans

ന്യൂഡൽഹി: ഇന്ത്യയിലെ 42 ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്.സി.ബി)​ ചേർന്ന് 2018-19ൽ എഴുതിത്തള്ളിയത് നിഷ്‌ക്രിയ ആസ്‌തിയായി (കിട്ടാക്കടം - എൻ.പി.എ)​ മാറിയ 2.12 ലക്ഷം കോടി രൂപയുടെ വായ്‌പകൾ. 2017-18ൽ എഴുതിത്തള്ളിയ 1.50 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 42 ശതമാനമാണ് വർദ്ധന. ഈ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ 20 ശതമാനമാണ് കഴിഞ്ഞവർഷം എഴുതിത്തള്ളിയത്.

കിട്ടാക്കടം എഴുതിത്തള്ളുക (റൈറ്ര് ഓഫ്)​ എന്നതിന് അർത്ഥം വായ്‌പയെടുത്തയാൾ ഇനി തിരിച്ചടയ്‌ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്‌പകൾ ബാലൻസ് ഷീറ്രിൽ നിന്ന് മാറ്റുന്നു എന്നതാണ് എഴുതിത്തള്ളുന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇത് ബാലൻസ് ഷീറ്ര് മെച്ചപ്പെട്ടതാക്കാനായി ബാങ്കുകളെടുക്കുന്ന നടപടിയാണ്. വായ്‌‌പ എടുത്തയാൾ വായ്‌പ,​ പലിശസഹിതം തിരിച്ചടയ്‌ക്കുക തന്നെ വേണം. അല്ലെങ്കിൽ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.

കിട്ടാക്കടം ഒഴിവാക്കി,​ ബാലൻസ് ഷീറ്ര് മെച്ചപ്പെടുത്തണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. 2014-15ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറ്റതുമുതൽ ഇതുവരെ 5.7 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. 2018-19ൽ 21 പൊതുമേഖലാ ബാങ്കുകൾ സംയുക്തമായി എഴുതിത്തള്ളിയത് 1.9 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ്. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ എഴുതിത്തള്ളിയ മൊത്തം കിട്ടാക്കടത്തിന്റെ 90 ശതമാനമാണിത്.

2014-15ലേതിനേക്കാൾ നാലിരട്ടി തുകയാണ് കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്. കഴിഞ്ഞവർഷത്തെ കണക്കിൽ 56,​500 കോടി രൂപയുമായി എസ്.ബി.ഐയാണ് മുന്നിൽ. എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായി ലയിച്ചതോടെയാമ് എസ്.ബി.ഐയുടെ എഴുതിത്തള്ളൽ തുക ഉയർന്നത്.

₹9.4 ലക്ഷം കോടി

ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018-19ൽ 9.4 ലക്ഷം കോടി രൂപയാണ്. 2014-15ൽ ഇത് 3.2 ലക്ഷം കോടി രൂപയായിരുന്നു. മൂന്നിരട്ടിയായാണ് ഇക്കാലയളവിൽ വർദ്ധന.

90%

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയ മൊത്തം കിട്ടാക്കടത്തിന്റെ 90 ശതമാനവും പൊതുമേഖലാ ബാങ്കുകളിലായിരുന്നു.