ഹൈദരാബാദ്: തെലങ്കാനയിൽ 26കാരിയായ മൃഗഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം പുകയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ലോറിത്തൊഴിലാളികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. ഇവരെ ചഞ്ചല്‍ ഗുഡ ജയിലിലേക്ക് മാറ്റുന്നതിനു മുമ്പ് പാർപ്പിച്ചിരുന്ന ഷംസാദ് പൊലീസ് സ്‌റ്റേഷനു മുന്നിൽ ഇന്ന് തടിച്ചുകൂടിയ ജനം അകത്തേക്ക് കടക്കാൻ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെ ആളുകൾ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ചെരിപ്പുകൾ വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസ് ജനങ്ങൾക്കു നേരെ ലാത്തിവീശി.
യുവതിയെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പൊലീസ് വെളിപ്പെടുത്തി.. മാനഭംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികൾ ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ നിർബന്ധപൂർവം കുടിപ്പിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. പ്രതികൾ ശീതളപാനീയത്തിൽ വിസ്‌കി കലർത്തി യുവതിയെ നിർബന്ധപൂർവം കുടിപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
രാത്രി 9മണിക്കാണ് അരീഫും ശിവയും ടോൾപ്ലാസയിലേക്ക് കല്ല് നിറച്ച ട്രക്കുമായെത്തുന്നത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കല്ലിറക്കുന്നത് വൈകിയതിനാൽ അവർ ടോൾപ്ലാസയിൽ കാത്തു നിന്നു.
9മണിക്ക് പെൺകുട്ടിയെത്തിയപ്പോൾ ടയർ പഞ്ചറായ കാര്യം ഇവർ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഹായവും വാഗ്ദാനം ചെയ്തു. വിശ്വാസം നേടിയെടുക്കാനായി സ്‌കൂട്ടറുമായി കുറച്ചു ദൂരം പോയശേഷം എവിടെയും കടകളൊന്നും തുറന്നിട്ടില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്തായിരുന്നു പെൺകുട്ടി അവളുടെ സഹോദരിയെ വിളിച്ച് കാര്യങ്ങൾപറഞ്ഞത്. സഹോദരിയുമായുള്ള സംഭാഷണം നിർത്തി ഫോൺവെച്ചയുടൻ തന്നെ പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് ബലാമായി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. 9.45ന് പ്രതികൾ തന്നെയാണ് പെൺകുട്ടിയുടെ ഫോൺസ്വിച്ച് ഓഫ് ചെയ്തത്.
10.20നാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വാഹനത്തിനുള്ളിൽ ഒളിപ്പിച്ചു. 10.28ന് സ്ഥലം വിട്ടു. അരീഫും നവീനും സ്‌കൂട്ടർ എടുത്ത് കോത്തൂരിൽ ഉപേക്ഷിച്ചു. നമ്പർ പ്ലേറ്റ് ഊരിയ ശേഷമാണ് സ്‌കൂട്ടർ ഉപേക്ഷിച്ചത്.
ഒരുമണിക്കും 2മണിക്കുമെല്ലാം മൃതദേഹം കത്തിക്കാനായി പ്രതികൾ പെട്രോളന്വേഷിച്ച് നടന്നിരുന്നു. പിന്നീട് 2.30ന് അടിപ്പാതയിൽ വച്ചാണ് മൃതദേഹം കത്തിക്കുന്നത്.
ഷംസാദ് ടോൾ പ്ലാസയ്ക്കു സമീപം തൊണ്ടുപുള്ളി ഗ്രാമത്തിൽനിന്നാണ് ഒന്നരക്കുപ്പി വിസ്‌കിയും ശീതളപാനീയവും ലഘുഭക്ഷണവും പ്രതികൾ വാങ്ങിയത്. ആ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മാനഭംഗത്തിനിരയാക്കുന്ന സമയത്ത് യുവതിയുടെ വായയും മുഖവും പ്രതികൾ പൊത്തിപ്പിടിച്ചിരുന്നു. ഇതാണ് യുവതി മരിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു.
ബുധനാഴ്ച രാത്രിയാണ് ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ ചടൻപള്ളിയിലെ കലുങ്കിന് താഴെ കണ്ടെത്തുകയായിരുന്നു.