bindhu-ammini

തനിക്കെതിരെ ഉണ്ടായ ആക്രണത്തിൽ വ്യക്തത വരുത്തി ബിന്ദു അമ്മിണി രംഗത്ത്. തനിക്കെതിരെ നടന്നത് മുളകു പൊടി കൊണ്ടുള്ള ആക്രമണമല്ല,​ മറിച്ച് കെമിക്കൽ സ്‌പ്രേ ആണ് ഉപയോഗിച്ചതെന്നും ബിന്ദു പറയുന്നു. ഇതുകൊണ്ട് തന്നെ 10 മിനുട്ട് കഴിഞ്ഞത് ശേഷമാണ് അസ്വസ്ഥത കൂടിവന്നത്. ഡോക്ടർമാർ ഏറെ ബുദ്ധിമുട്ടിയാണ് തന്റെ കണ്ണു തുറന്നതെന്നും അസ്വസ്ഥത ഇപ്പോഴും തുടരുന്നതായും ബിന്ദു അമ്മിണി പറഞ്ഞു.

അതേസമയം താൻ എന്തിനാണ് കാണാൻ ചെന്നതെന്ന് മന്ത്രി ബാലൻ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ബിന്ദു രംഗത്തെത്തി. 'ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനുള്ള നിവേദനം നൽകാനാണ് മന്ത്രി എ.കെ ബാലന്റെ ഓഫീസിൽ പോയത്. ഇക്കാര്യത്തിൽ സത്യം വെളിപ്പെടുത്താൻ മന്ത്രി തയ്യാറാകണം. ശബരിമല ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പോയതെന്നാണ് വാർത്തകൾ വരുന്നത്. ഇതിനെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ മാറ്റണം. ഇതിൽ മന്ത്രി കള്ളക്കളി നടത്തരുത്'-ബിന്ദു അമ്മിണി പറഞ്ഞു.

അതേസമയം ബിന്ദു അമ്മിണി ഓഫീസിൽ വന്ന ദിവസം താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ബാലൻ മറുപടി നൽകി. 'അവർ ഓഫീസിൽ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പരാതിയുമായാണ് ഇവർ എന്റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവർ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്റെ ഓഫീസിൽ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികൾ രണ്ടും അനന്തര നടപടികൾക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തിട്ടുണ്ട്'.- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.