കഴിവിന്റെയും അംഗീകാരങ്ങളുടെയും സൂര്യനായി നിൽക്കുമ്പോഴും മലയാള സിനിമയുടെ ഓരം ചേർന്നു നടന്ന ഛായാഗ്രാഹകൻ. സിനിമയിലും ജീവിതത്തിലും കൃത്രിമമായതൊന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. അവിടെ നിഴലും വെളിച്ചവും ചിരിയും കരച്ചിലും അത്രമേൽ സ്വാഭാവികമായിരുന്നു. അടൂരിന്റെയും ഷാജി എൻ. കരുണിന്റെയും ജയരാജിന്റെയും ടി.വി. ചന്ദ്രന്റെയും രാജീവ് അഞ്ചലിന്റെയും ഡോ. ബിജുവിന്റെയും രഞ്ജിത്തിന്റെയുമെല്ലാം വ്യത്യസ്തമായ ശൈലികളിൽ ആ പ്രതിഭാസ്പർശം സൗമ്യമായി ഒഴുകി. മികച്ച ഛായാഗ്രാഹകനുള്ള ഏഴ് സംസ്ഥാന അവാർഡുകളും ഏഴ് അന്തർദ്ദേശീയ പുരസ്കാരങ്ങളും. ദേശീയ അവാർഡെന്ന അർഹിച്ച അംഗീകാരം പല തവണ മോഹിപ്പിച്ച് കടന്നു കളഞ്ഞു. ഒടുവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകൻ എന്ന ഔദ്യോഗിക വിശേഷണം തേടിയെത്തിയപ്പോഴേക്കും ജീവിതത്തോട് അപ്രതീക്ഷിതമായി കട്ട് പറഞ്ഞിരുന്നു എം.ജെ. രാധാകൃഷ്ണൻ. പ്രകൃതിയുടെ നിറവിന്യാസങ്ങളെ പ്രണയിച്ച ഈ ഛായാഗ്രാഹകന്റെ വീടും വെളിച്ചം മറയില്ലാതെ ഒഴുകിയെത്തുന്നതാണ്. സൗമ്യമായ ചിരി സമ്മാനിച്ച് നിശബ്ദമായി കടന്നുപോയ എം.ജെ. രാധാകൃഷ്ണന്റെ ജീവിതവും മരണവും ഭാര്യ ശ്രീലതയുടെ വാക്കുകളിൽ തെളിഞ്ഞു, ഇടയ്ക്ക് ഓർമ്മകൾ വേദനിപ്പിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി...
വൈദ്യകുടുംബത്തിലെ സിനിമാക്കാരൻ
ഛായാഗ്രഹണം നിർവഹിച്ച സിനിമകൾ പോലെ ശാന്തവും മനോഹരവുമായിരുന്നു ജീവിതവും സ്വഭാവവും. ആ വേർപാട് ഞങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. കുറ്റങ്ങളൊന്നും പറയാനില്ലാത്ത പ്രിയപ്പെട്ടൊരാൾ അപ്രതീക്ഷിതമായി ഇല്ലാതാവുന്നതിന്റെ ശൂന്യത എത്ര വലുതാണെന്ന് ഓരോ നിമിഷവും അനുഭവിച്ചറിയുകയാണ്. എത്ര ദൂരെയാണെങ്കിലും ഏതു തിരക്കിന് നടുവിലാണെങ്കിലും മുറ തെറ്റാതെ എന്നെത്തേടി വന്ന ഫോൺ കോളുകൾ, വീട്ടിലുണ്ടെങ്കിൽ എപ്പോഴും മുഴങ്ങി കേൾക്കുന്ന ലതേ എന്ന നീട്ടിയുള്ള വിളി. എല്ലാം ഓർമയായി. നീ എന്നോ എടീ എന്നോ 27 വർഷത്തിനിടയിൽ ഒരിക്കൽ പോലും എന്നെ വിളിച്ചിട്ടില്ല. സിനിമയിലും കുടുംബത്തിലും ഒരുപോലെ മാന്യത സൂക്ഷിച്ചു അദ്ദേഹം. പുനലൂരിലാണ് ജനനം. അച്ഛൻ പ്രശസ്തനായ വൈദ്യനായിരുന്നു. ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട്. മകനെയും വൈദ്യനാക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിനായി ചെറുപ്പത്തിൽ സംസ്കൃതം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ അതിലൊന്നും താത്പര്യം ഉണ്ടായിരുന്നില്ല. ഡിഗ്രിക്ക് കെമിസ്ട്രിയെടുത്തെങ്കിലും പൂർത്തിയാക്കിയില്ല. ഞങ്ങളുടെ മകൻ യദു എൻജിനിയറിംഗിന് പഠിക്കുമ്പോൾ അവന് കിട്ടാനുള്ള പേപ്പേഴ്സിനെ കുറിച്ച് ചോദിക്കാൻ പറഞ്ഞാൽ, അതെങ്ങനെ ഞാൻ ചോദിക്കും, പഠനം പൂർത്തിയാക്കാത്ത എനിക്ക് അവനോട് പറയാൻ യോഗ്യതയില്ല എന്നാവും മറുപടി. ഇടയ്ക്ക് ചെറുപ്പത്തിലെ കഥകളൊക്കെ പറയും. വീടിന് അടുത്താണ് കല്ലടയാറ്. ഒരിക്കൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുജൻ ഒഴുക്കിൽപ്പെട്ടു. ചേട്ടൻ പിന്നാലെ ചാടി. പക്ഷേ, രണ്ടു പേരും ഒഴുക്കിൽപ്പെട്ട് കുറച്ചു ദൂരം പോയി. ആറിന് അക്കരെ നിന്നവരാണ് രക്ഷപ്പെടുത്തിയത്. വൈദ്യശാലയുള്ളതു കൊണ്ട് വീട്ടിൽ വാഹനങ്ങളൊക്കെ ഉണ്ടായിരുന്നു. ആ വണ്ടികളും കൊണ്ട് കൂട്ടുകാർക്കൊപ്പം കാട് കാണാൻ പോകുമായിരുന്നത്രെ.
നിശബ്ദമായി ഒഴുകിയ സൗഹൃദങ്ങൾ
സ്റ്റിൽ ഫോട്ടോഗ്രാഫിയോടായിരുന്നു ആദ്യകാലത്ത് പ്രേമം. ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായാണ് ഛായാഗ്രഹണത്തിലെ തുടക്കം. ഷാജി ചേട്ടനെയാണ് ആദ്യ ഗുരുവായി കണ്ടിരുന്നത്. രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. പിന്നെ മാമലകൾക്കപ്പുറത്ത്, ദേശാടനം, കളിയാട്ടം, കരുണം, കണ്ണകി, നാലുപെണ്ണുങ്ങൾ, ഒറ്റാൽ,തിരക്കഥ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ. ദേശാടനം, കരുണം, അടയാളങ്ങൾ, ഒറ്റക്കൈയൻ, ബയോസ്കോപ്പ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാടുപൂക്കുന്ന നേരം തുടങ്ങിയവയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഇതിനിടയിൽ സ്ത്രീധനം പോലെ നൂറുദിവസം ഓടിയ ചില സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്.
രാജീവ് അഞ്ചൽ എന്റെ കസിനാണ്. രാജീവ് വഴിയാണ് കല്യാണാലോചന വന്നത്. അതിന് മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരുപാട് ദൂരമൊന്നുമില്ല. എന്റെ വീട് കുളത്തുപ്പുഴയിലേക്ക് പോകുന്ന വഴിയിൽ ഏഴംകുളത്താണ്. രാജീവിന്റെ കല്യാണത്തിന് വന്നപ്പോഴും കണ്ടിട്ടുണ്ട്. താടിയൊക്കെ വളർത്തിയ രൂപമായതുകൊണ്ട് ഇവരെയൊക്കെ എല്ലാവരും ശ്രദ്ധിക്കുമല്ലോ. അന്ന് ഇതിലും താടിയും മുടിയുമുണ്ട്. രാജീവ് സിനിമയിലുള്ളതു കാരണം വീട്ടിലാർക്കും സിനിമയോട് അപരിചിതത്വം ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു. ഒരുപാട് സംസാരിക്കില്ല. അടുത്ത കൂട്ടുകാരെന്നു പറയാൻ വിരലിലെണ്ണാവുന്നവരെ ഉണ്ടായിട്ടുള്ളൂ. അവരോട് പഴയ കഥകളും തമാശകളുമൊക്കെ പറയും. ബന്ധുക്കളെല്ലാം ചേർന്നാൽ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലാണ്. ഞാനാണ് കൂടുതൽ സംസാരിക്കുക. അദ്ദേഹം നല്ല കേൾവിക്കാരനാണ്. ഡോ. ബിജുവിനോട് സഹോദരതുല്യമായ ബന്ധമായിരുന്നു. ബയോസ്കോപ്പ് സംവിധാനം ചെയ്ത മധുസൂദനൻ, അസിസ്റ്റ് ചെയ്യുകയും ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്ത പദ്മചന്ദ്ര പ്രസാദ്, കൊല്ലത്തുള്ള സംവിധായകൻ അനിൽദാസ് തുടങ്ങിവരോടും ആത്മബന്ധമുണ്ടായിരുന്നു. സി.പി. പത്മകുമാറിനെ ഗുരു തുല്യനായാണ് കണ്ടിരുന്നത്. ആർക്കിടെക്ട് ഉണ്ടായിരുന്നെങ്കിലും ഈ വീട് നിർമിക്കുന്നതിലുള്ള ആശയങ്ങൾ കൂടുതലും അദ്ദേഹത്തിന്റെയും പപ്പേട്ടന്റെയുമായിരുന്നു. അടൂർ സാറിനോട് എന്നും പേടി കലർന്ന ബഹുമാനമാണ്. ആരെയും ആവശ്യമില്ലാതെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല.
സിനിമയും കുടുംബവും ഒരുപോലെ
ജീവിതത്തെ കുറിച്ച് വലിയ പ്ലാനിംഗ് ഒന്നുമുണ്ടായിരുന്നില്ല. വരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്ന രീതിയാണ്. ഷൂട്ടിംഗ് ഏത് പാതിരാത്രിയിൽ തീർന്നാലും ഉടൻ തന്നെ വീട്ടിലേക്കുള്ള വണ്ടി കയറും. പിന്നെ തനി വീട്ടുകാരനാണ്. ചെയ്യാൻ പോകുന്ന സിനിമകളെ കുറിച്ച് സംസാരിക്കും. തിരക്കഥ എനിക്ക് വായിക്കാൻ തരും. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഞാൻ കാണണമെന്ന് നിർബന്ധമുണ്ടായിരുന്നു. പ്രിവ്യൂ ഉണ്ടെങ്കിൽ കൊണ്ടുപോകും. ചില സിനിമകളുടെ അവസാന ജോലികളൊക്കെ നടക്കുമ്പോൾ സ്റ്റുഡിയോയിൽ കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. ഓളും വെയിൽ മരങ്ങളും മാത്രമാണ് ഒരുമിച്ച് കാണാതിരുന്നത്. ക്ഷേത്രങ്ങളിൽ പോകാൻ ഇഷ്ടമാണ്. വലിയ ഭക്തനായിരുന്നു. വീട്ടുകാര്യങ്ങളിലെല്ലാം എനിക്ക് പൂർണ സ്വാതന്ത്ര്യം തന്ന് അദ്ദേഹം പൂർണമായും സിനിമയിൽ മുഴുകി. മക്കൾക്കും നിയന്ത്രണങ്ങൾ വച്ചിട്ടില്ല. മോൾ നീരജ ബാഗ്ളൂർ നിഫ്ടിൽ പ്രോഡക്ട് ഡിസൈനിംഗ് പഠിച്ച ശേഷം ജോലി ചെയ്യുകയാണ്. അവൾ ഒരുപാട് യാത്ര ചെയ്യാറുണ്ട്. അച്ഛാ ഞാൻ ഈ സ്ഥലത്ത് പോകുകയാണെന്നു മാത്രമേ പറയൂ. അനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മകൻ യദു അദ്ദേഹത്തോടൊപ്പം 17 സിനിമകളിൽ അസിസ്റ്റ് ചെയ്തു. അദ്ദേഹത്തിന് പൂർത്തീകരിക്കാൻ കഴിയാതെ പോയ ചില സിനിമകൾ അവൻ പൂർത്തിയാക്കി. ഡോ.ബിജുവിന്റെ 'ഓറഞ്ച് മരങ്ങൾ" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകാനാകും.
മാറ്റി നിറുത്തിയ വിവാദങ്ങൾ
കൂടുതലും ലോ ബഡ്ജറ്റ് സിനിമകളാണ് ചെയ്തിരുന്നത്. പ്രതിഫലം പറഞ്ഞു വാങ്ങാൻ മടിയാണ്. ചിലർ വീടു പണയം വച്ചാണ് പടം പിടിക്കുന്നത്. ആ പണം വാങ്ങിയാൽ ശരിയാവില്ല എന്നു പറയും. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടൊന്നും അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടായിരിക്കും ഒരുപാട് സമ്പാദിക്കണം എന്ന് ചിന്തയുണ്ടായിരുന്നില്ല. സമാന്തര സിനിമകളോടൊപ്പം സഞ്ചരിച്ചപ്പോഴും എല്ലാത്തരം സിനിമകളും കാണാൻ സമയം കണ്ടെത്തിയിരുന്നു. ഉണ്ടയാണ് ഞങ്ങൾ ഒന്നിച്ച് അവസാനം കണ്ട സിനിമ. കോമഡി സിനിമകൾ ആസ്വദിച്ച് കാണും. പ്രശസ്തിയിലും താത്പര്യം ഉണ്ടായിരുന്നില്ല. അംഗീകാരങ്ങൾ നേടിയ കാമറാമാനാണെന്ന് സ്വയം ചിന്തിച്ചിരുന്നില്ലെന്ന് തോന്നുന്നു. ഇന്റർവ്യൂ നൽകാൻ പോലും മടിയായിരുന്നു. വീടിനടുത്ത് താമസിക്കുന്നവർക്കൊന്നും അദ്ദേഹം പ്രശസ്തനായ ഒരു ഛായാഗ്രാഹകനാണെന്ന് അറിയില്ലായിരുന്നു. ഇവിടെയുണ്ടെങ്കിൽ മരപ്പാലത്തുളള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിൽ പോകും. വ്യത്യസ്ത ആശയങ്ങളുള്ള സംവിധായകർക്കൊപ്പം ഇത്രയും കാലം ജോലി ചെയ്തിട്ടും ഒരു വിവാദത്തിനും ഇടം നൽകിയില്ല. എല്ലാവരോടും നല്ല ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയും കുടുംബവും ഒരേ പ്രാധാന്യത്തോടെയാണ് കൊണ്ടുപോയത്. അങ്ങനെയുള്ളവർ സിനിമയിൽ ചുരുക്കമല്ലേ.
ഭക്ഷണത്തിലടക്കം ഒരു കാര്യത്തിലും നിർബന്ധങ്ങളില്ല. പൂർണ വെജിറ്റേറിയനായിരുന്നു. ഒരു ചമ്മന്തിയുണ്ടെങ്കിൽ സന്തോഷം. സംസാരം പോലെ ഭക്ഷണവും മിതമായിരുന്നു. അപൂർവമായേ ദേഷ്യം വരൂ. വന്നാൽ നന്നായി ദേഷ്യപ്പെടും. ഞങ്ങളാരും അതിനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നില്ല. മുഖം ചെറുതായൊന്നു മാറിയാൽ ഞങ്ങൾക്കറിയാം. സിനിമയുടെ സെറ്റിൽ വൈകുന്നേരം ലൈറ്റ് പോകുന്ന സമയത്ത് കൂടെയുള്ളവരെ മുൾമുനയിൽ നിറുത്തുമെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ അസിസ്റ്റന്റുമാർക്കൊക്കെ പേടിയാണ്. ആര്യനാടുകാരനായ ശർമ്മയായിരുന്നു ഏറെ അടുപ്പമുള്ള ഒരു അസിസ്റ്റന്റ്. ദേഷ്യം വന്നാൽ ഏറ്റവും അധികം വഴക്ക് കിട്ടുന്നതും ശർമ്മയ്ക്കാണ്. അദ്ദേഹം പോകുന്നതിന് ഒരു വർഷം മുമ്പ് ശർമ്മ മരിച്ചു.
വരയും ക്രിക്കറ്റും കാറുകളും
പഴയ കാറുകളും പഴയ വിളക്കുകളും വാങ്ങി സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു. രണ്ട് പഴയകാറുകളുണ്ട്. സമയം കിട്ടുമ്പോൾ അവ നന്നാക്കിയെടുത്ത് യാത്ര പോകണം എന്ന് ആഗ്രഹിച്ചിരുന്നു. മണക്കാട് വഴിയരികിൽ സ്ത്രീകൾ വിളക്കു കത്തിച്ച് മീൻ വിൽക്കാൻ ഇരിക്കാറുണ്ട്. മീൻ കഴിക്കില്ലെങ്കിലും അവിടുത്തെ ലൈറ്റും അന്തരീക്ഷവുമെല്ലാം കാണാൻ ഇഷ്ടമാണ്. ഇടയ്ക്ക് മോളുമായി അവിടെ പോകും. സംവിധായകൻ മധുസൂദനനൊപ്പവും യാത്ര ചെയ്യുമായിരുന്നു. വെനീസ്, ഹിമാചൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകാൻ ഇഷ്ടമായിരുന്നു. നന്നായി വരയ്ക്കും. ആ കഴിവ് നീരജയ്ക്ക് ലഭിച്ചിട്ടുണ്ട്. വലിയ ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. ടി.വിയിൽ ക്രിക്കറ്റ് മാച്ചുണ്ടെങ്കിൽ കണ്ടിട്ടേ ഉറങ്ങൂ. ശാസ്ത്രീയ സംഗീതം കേൾക്കലാണ് മറ്റൊരു താത്പര്യം. കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിൽ സജീവമായിരുന്നു. പിൽക്കാലത്ത് രാഷ്ട്രീയ താത്പര്യം കുറഞ്ഞു വന്നെങ്കിലും വോട്ട് ഇടതുപക്ഷത്തിന് ചെയ്യും. അംഗീകാരങ്ങൾ സന്തോഷമാണ്. കിട്ടിയില്ലെന്നു കരുതി പരാതി പറയുകയോ വിഷമിക്കുകയോ ചെയ്യാറില്ല. അവാർഡ് കിട്ടിയാൽ പാർട്ടി നടത്തുന്ന ശീലമൊന്നുമുണ്ടായിരുന്നില്ല. ബയോസ്കോപ്പ്, കളിയാട്ടം, ഡോ.ബിജുവിന്റെ ചില സിനിമകൾ തുടങ്ങിയവയ്ക്കൊക്കെ ദേശീയ അവാർഡിന് പരിഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. പലപ്പോഴും അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം എം.ജെ. രാധാകൃഷ്ണന് സാദ്ധ്യത എന്ന് ടിവിയിൽ എഴുതിക്കാണിച്ചിരുന്നു. പക്ഷേ, അന്നൊന്നും കിട്ടിയില്ല. ഓളിന് അവാർഡ് കിട്ടുമായിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോഴും ഓ... എനിക്ക് അവർ തരികയൊന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം ഓളിലൂടെ ദേശീയ അവാർഡ് തേടിയെത്തിപ്പോൾ അദ്ദേഹം ഞങ്ങൾക്കൊപ്പമില്ല. കൂടെയുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് പലപ്പോഴും.
അപ്രതീക്ഷിതമായ വിയോഗം
കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു ദിവസം പോലും ആശുപത്രിയിൽ കിടന്നതായും ഓർമ്മയില്ല. കഴിഞ്ഞ ജൂലായ് 12ന് മകളെ ഡോക്ടറെ കാണിക്കാൻ പോകുമ്പോൾ ഇനി ഒരു തിരിച്ചുവരവില്ലെന്ന് അറിഞ്ഞിരുന്നില്ല. തലേദിവസം ചെറിയ പനിയുണ്ടായിരുന്നു. മകളെ ഡോക്ടറെ കാണിക്കുമ്പോൾ അദ്ദേഹത്തിനും മരുന്നു വാങ്ങാമെന്ന് കരുതി. അദ്ദേഹമാണ് വണ്ടി ഓടിച്ചത്. കുറവംകോണത്തെത്തിയപ്പോൾ ശ്വാസതടസം കടുത്തു. അപ്പോൾ കാർ നിറുത്തി ഒരു ആട്ടോറിക്ഷ വിളിച്ചാണ് ഡോക്ടറുടെ അടുത്തെത്തിയത്. പൾസ് കുറയാൻ തുടങ്ങിയിരുന്നു. എത്രയും വേഗം അഡ്മിറ്റാക്കണമെന്ന് ഡോക്ടർ പറഞ്ഞു. അവിടെ വന്നൊരു കാറിൽ തന്നെ എസ്.യു.ടിയിൽ എത്തിച്ചപ്പോഴേക്കും വൈകിപ്പോയി. കാറിൽ എന്റെ മടിയിലാണ് കിടന്നത്. ഇതിനിടയിൽ എപ്പോഴാണെന്ന് അദ്ദേഹം പോയതെന്ന് എനിക്കറിയില്ല. ആ ഞെട്ടലിൽ നിന്ന് പുറത്തു കടക്കാൻ ഒരുപാട് സമയമെടുത്തു. ഡോ. ബിജുവും കുടുംബവും പദ്മചന്ദ്രപ്രസാദും കുടുംബവും അദ്ദേഹത്തിന്റെ സഹോദരിമാർ, സുഹൃത്ത് ബിന്ദു തുടങ്ങി ഒട്ടേറെപ്പേർ ഞങ്ങൾക്ക് താങ്ങായി ഒപ്പം നിന്നു. അദ്ദേഹമില്ലാത്ത ആദ്യ ഒരു ഐ.എഫ്.എഫ്.കെ വരുന്നു. അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച വെയിൽമരങ്ങൾ ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് ആദരം അർപ്പിച്ചുള്ള പ്രദർശനവും ഉണ്ടാകും. എങ്കിലും ഞങ്ങൾക്കൊപ്പമുണ്ടെന്ന് ഓർമ്മപ്പെടുത്തി ഇപ്പോഴും അദ്ദേഹം എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്.