ഹിമാലയസാനുക്കളിലേക്കുള്ള യാത്ര ഒരു സ്വപ്നമായിരുന്നു. ആത്മസുഹൃത്തുക്കളും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലയിലെ പ്രവർത്തകരുമായ അഡ്വ. തങ്കച്ചനും സുമയും ക്ഷണിച്ചപ്പോൾ ഞങ്ങൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൊച്ചിയിൽ നിന്ന് വിമാനമാർഗം ഡൽഹിയിലെത്തി. 21 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഡൽഹിയിൽ നിന്ന് പ്രത്യേക ബസിൽ ഞങ്ങൾ ഹരിദ്വാറിലേക്ക് യാത്രയായി. ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ കമലേഷ് ഖണ്ഡേവാൾ ആയിരുന്നു ഞങ്ങളുടെ സഹായിയും വഴികാട്ടിയും. ഹരിദ്വാറിൽ എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. രാത്രി ഹരിദ്വാർ നഗരത്തിലൂടെ കുറേ നടന്നു. വൃത്തിഹീനമായ തെരുവുകളും ഭക്ഷണ ശാലകളും. വാദ്യഘോഷങ്ങളോടെ ഒരു വിവാഹ ഘോഷയാത്ര കടന്നു പോയി. ഞങ്ങൾ ഗംഗയെത്തേടി അലഞ്ഞു. ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നുവോ? അതേ... എണ്ണയും പൂക്കളും മറ്റനേകം മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നു. പാപമോചനം ലക്ഷ്യമല്ലാതിരുന്നതുകൊണ്ട് ഗംഗാജലം കോരിക്കുടിച്ചില്ല. പിറ്റേന്ന് അതിരാവിലെ ഗംഗയെ വിശദമായി കണ്ടു.
ദേവപ്രയാഗം ഋഷികേശും കടന്ന് ഫാട്ടയിലേക്ക്. ഫാട്ടയിൽ നിന്ന് പുലർച്ചെ കേദാർനാഥിലേക്ക് പുറപ്പെടുമ്പോൾ കാളിദാസന്റെ ഈ വരികളായിരുന്നു മനസിൽ. അവിടെ നിന്ന് കുറച്ചു ദൂരം ബസിലും പിന്നെ ജീപ്പിലും തുടർന്ന യാത്ര ഗൗരീകുണ്ഠിൽ അവസാനിച്ചു. ലഘുഭക്ഷണം കഴിച്ച് വാടയ്ക്കെടുത്ത ഊന്നുവടികളുമായി യാത്ര പുറപ്പെടുമ്പോൾ സംഘാംഗങ്ങളെല്ലാം ഉല്ലാസ ഭരിതരായിരുന്നു. 71 കാരനായ അബ്ദുട്ടിക്ക മുതൽ അഞ്ചു വയസുകാരിയായ ആമി വരെ.
വഴി പക്ഷേ, വിചാരിച്ചതിലുമധികം ദുർഘടമായിരുന്നു. 2013 ൽ ഉണ്ടായ അതിവർഷത്തിന്റെയും ഉരുൾപൊട്ടലുകളുടെയും ഭീതിദദൃശ്യങ്ങൾ മനസിലെ ഉല്ലാസം കെടുത്തിക്കൊണ്ടേയിരുന്നു. മണ്ണും കൂറ്റൻ കല്ലുകളും പലയിടങ്ങളിലും മാർഗതടസമായി ഇപ്പോഴും അതേപടി കിടക്കുന്നു. എപ്പോഴും അപകടം സംഭവിച്ചേക്കാവുന്ന, കല്ലുകൾ ഇളകിക്കിടക്കുന്ന, പലപ്പോഴും ചെളി നിറഞ്ഞ, വീതി കുറഞ്ഞ പാതയിലൂടെ മനുഷ്യർ നടന്നും കുതിരപ്പുറമേറിയും മറ്റു മനുഷ്യർകുട്ടയിൽ ചുമക്കുന്ന ഭാരങ്ങളായും കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. ആറുകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഞാനുൾപ്പെടെ ചിലർ കുതിരപ്പുറമേറാൻ തീരുമാനിച്ചു. കുതിരസവാരി സിനിമകളിൽ കാണുന്നതു പോലെ സുഖകരമായിരുന്നില്ല. വൈകുന്നേരം 4.30 ന് ഞങ്ങൾ പല ഗ്രൂപ്പുകളായി കേദാർനാഥിൽ എത്തിത്തുടങ്ങി.
ഹിമാലയത്തിലെ ഗഡ്വാൾ മലനിരകളുടെ മടിത്തട്ടിലാണ് കേദാർനാഥ് ക്ഷേത്രം. പാണ്ഡവർ നിർമിച്ചതെന്നും ശങ്കരാചാര്യർ പുനരുദ്ധരിച്ചതെന്നും വിശ്വാസം. ശിവനാണ് പ്രതിഷ്ഠ. ഞങ്ങൾ എത്തിയ ദിവസം മൂന്നു ഡിഗ്രിയാണ് താപനില. സംഘത്തിലുള്ളവരെയാകെ അതിശൈത്യം ബാധിച്ചിരുന്നു. ചിലർക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉത്തരാഖണ്ഡ് ഗവൺമെന്റിന്റെ കോട്ടേജിൽ, പരിമിത സൗകര്യങ്ങളിലായിരുന്നു താമസം. വെള്ളവും ഐസും തമ്മിലുള്ള വ്യത്യാസം അതിന്റെ ഭൗതികാവസ്ഥയിൽ മാത്രമായിരുന്നു. ശ്വാസതടസമായിരുന്നു മറ്റൊരു പ്രശ്നം. കർപ്പൂരം പൊടിച്ചു മണത്ത് കുറച്ച് ആശ്വാസം കണ്ടെത്തി. ക്ഷേത്രം കാണാനിറങ്ങിയത് പുലർച്ചെയായിരുന്നു. സൂര്യപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഹിമവൽ ശൃംഗങ്ങളുടെ സമ്മോഹനമായ കാഴ്ചയിൽ ഞങ്ങൾ മറ്റെല്ലാം മറന്നു. ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായിരുന്നില്ല.
ക്ഷേത്രത്തിലെ കാഴ്ചകൾ കണ്ട് വൈകാതെ തിരിച്ചിറങ്ങണമായിരുന്നു.കാലാവസ്ഥ അനുനിമിഷം മാറിയേക്കാം. തലേ ദിവസത്തെ ശാരീരിക പ്രശ്നങ്ങൾ പലർക്കും ഇറങ്ങാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിരുന്നു. മഴ പെയ്തതിനാൽ വഴി കൂടുതൽ ദുർഘടമായിട്ടുമുണ്ട്. എല്ലാവരും കുതിരപ്പുറത്തിറങ്ങാൻ ധാരണയായി.തലേന്ന് കയറുമ്പോൾ കുതിരക്കാരനെ വെറുതെ പരിചയപ്പെട്ടിരുന്നു.... കഷ്ടിച്ച് പതിനെട്ടുവയസുള്ള പവൻ ... കുടുംബത്തെക്കുറിച്ച് ,അറിയാവുന്ന ഹിന്ദിയിൽ ചോദിച്ചപ്പോൾ അവരൊക്കെ ദൂരെയാണ് എന്ന് മാത്രം അവൻ പറഞ്ഞു. ഇടയ്ക്ക് കുതിരയ്ക്കും ഞങ്ങൾക്കും വെള്ളം കുടിക്കാൻ നിർത്തിയപ്പോൾ അവർ സംഘം ചേർന്ന് ചുരുട്ട് വലിക്കുന്നത് കണ്ടു. പുകപടലങ്ങൾക്കിടയിലൂടെ പവനും കൂട്ടുകാരും ഞങ്ങളെ നോക്കി ചിരിച്ചു. സന്യാസി എന്ന് തോന്നിക്കുന്ന ഒരാൾ പൊതിയഴിച്ച് എന്തൊക്കെയോ അവർക്ക് നൽകുന്നുണ്ടായിരുന്നു. ആ കുട്ടികളെ കുറ്റപ്പെടുത്താൻ നമുക്കെന്ത് അർഹത? കേദാർനാഥ് സന്നിധിയിലേക്ക് അവരിലൊരാൾ പോലും പോകുന്നതായും കണ്ടില്ല. ഇത്തവണ അവതാർ ആയിരുന്നു എന്റെ കൂടെ. അയാൾക്ക് ഒരു തൊപ്പി പോലും ഉണ്ടായിരുന്നില്ല.
ഗൗരീകുണ്ഠിൽ നിന്ന് അൽപ്പമകലെ ബസ് ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ബസ് ഡ്രൈവർ ധനേഷ് ഖണ്ഡിയാലി അതിവിദഗ്ദ്ധനായിരുന്നു. പ്രളയവും മണ്ണിടിച്ചിലും ഉണ്ടായത് 2013 ൽ ആണെങ്കിലും റോഡുകൾ പലതും പുനർനിർമ്മിച്ചിട്ടുണ്ടായിരുന്നില്ല. അപകടം പതിയിരിക്കുന്ന വഴികൾ. ചോപ്ടയിലേക്കായിരുന്നു ഞങ്ങൾക്ക് എത്തേണ്ടിയിരുന്നത്.ഇന്ത്യയിലെ സ്വിറ്റ്സർലണ്ട് എന്നാണ് ചോപ്ട അറിയപ്പെടുന്നത്. കോടമഞ്ഞ് പുതച്ച് കിടക്കുന്ന കാനനപാതകളിലൂടെയുള്ള യാത്ര ഒരനുഭവം തന്നെ. പുൽമേടുകളും ഓക്ക് ,പൈൻ തുടങ്ങിയ വൃക്ഷങ്ങൾ ഇടതിങ്ങിയ നിത്യഹരിതവനങ്ങളും കാട്ടുചോലകളും ഏതോ പുരാതന സ്മൃതികളുണർത്തുന്ന പോലെ. പരസ്പരം കൈകോർത്ത് തലയുയർത്തി നിൽക്കുന്ന കൊടുമുടികൾക്ക് ഒരു നിഗൂഢഭാവം.
വൈകുന്നേരത്തോടെ ചോപ്ടയിലെ താമസസ്ഥലത്തെത്തി. രാവിലെ ആറുമണിക്ക് തന്നെ ചോപ്ട കാണാനിറങ്ങി. സൂര്യാംശുവിൽ മലനിരകൾ പൊന്നണിഞ്ഞു തുടങ്ങിയിരന്നു. നേർത്ത മഴവില്ലുകൾ പലയിടത്തായി കാണപ്പെട്ടു. ഏറ്റവും ഉയരമുള്ള അനേകം ശൃംഗങ്ങൾ ചുറ്റിലും. അത്യുന്നതങ്ങളിൽ നിന്ന് ഒലിച്ചിറങ്ങി വരുന്ന കുളിർച്ചോലകൾ. അവയ്ക്കെന്തെല്ലാം പറയാനുണ്ടാവും. മലഞ്ചെരിവുകളിലാകെ കുഞ്ഞു പൂക്കൾ വിടർത്തി നിൽക്കുന്ന സസ്യ വൈവിധ്യം.
കേദാർനാഥ് കയറ്റവും ഇറക്കവും വലിയ അസ്വാസ്ഥ്യങ്ങൾ ഏൽപ്പിച്ചതിനാൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുംഗനാഥ ശിവക്ഷേത്രത്തിലേക്കുള്ള കയറ്റം ഉപേക്ഷിച്ച് ഞങ്ങൾ ടെഹ്രി ലക്ഷ്യമാക്കി യാത്ര തുടർന്നു. ചോപ്ടയിൽ നിന്ന് ടെഹ്രിയിലേക്കുള്ള യാത്ര ഉല്ലാസ ഭരിതമായിരുന്നു. തണുപ്പിന്റെ കാഠിന്യം കുറഞ്ഞതിനാൽ കോട്ടും കൈയുറയുമൊക്കെ മാറ്റാൻ കഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള അണക്കെട്ടായ ടെഹ്രിയാണ് അടുത്തലക്ഷ്യം. പോകും വഴി ചെമ്മരിയാട്ടിൻ കൂട്ടവുമായി മലയിറങ്ങുന്ന ഗ്രാമീണരെ കണ്ടു. അണക്കെട്ടിന്റെ ഭാഗമായുള്ള ദൃശ്യങ്ങൾ കണ്ടുതുടങ്ങി. ടെഹ്രി ഒരു നല്ല ജനവാസ കേന്ദ്രമായിരുന്നു. ഇപ്പോൾ അവിടെ നിശ്ചലമായി കെട്ടിക്കിടക്കുന്ന വെള്ളത്തിന് ഒരു പാട് കഥകൾ പറയാനുണ്ട്. കണ്ണീരിന്റെ, കുടിയിറക്കലിന്റെ, ചെറുത്തുനിൽപ്പിന്റെ കഥകൾ. സുന്ദർലാൽ ബഹുഗുണ എന്ന കൊച്ചു ( വലിയ ) മനുഷ്യനെയും ചിപ്കോ പ്രസ്ഥാനത്തെയും ഓർക്കാതിരിക്കുന്നതെങ്ങനെ! കൃഷിയും പരിസ്ഥിതി പരിപാലനവും ജീവിത ചര്യയാക്കിയിരുന്ന ഗ്രാമീണരും അവരുടെ കൊച്ചു കൊച്ചു വീടുകളും ഗ്രാമങ്ങളുമെല്ലാം ഡാമിനു വേണ്ടി അന്യവൽക്കരിക്കപ്പെട്ടു. അവർ അമ്മയായി കരുതിയിരുന്ന ഭാഗീരഥിയിലാണ് അണക്കെട്ട്. ദുർബലരായ മനുഷ്യരുടെ ചെറുത്തുനിൽപ്പുകൾക്ക് എത്ര നാൾ പിടിച്ചു നിൽക്കാനാവും! അവരെല്ലാം മറ്റൊരു മലമുകളിലേക്ക് പറിച്ചുനടപ്പെട്ടു... നമുക്കത് ദൂരെ കാണാം. ന്യൂ ടെഹ്രി.
ടെഹ്രി സന്ദർശനം അവസാനിപ്പിച്ച് ഞങ്ങൾ ബസ് യാത്ര തുടർന്നു. ധനോൾട്ടി ആയിരുന്നു അടുത്ത ലക്ഷ്യം. മനോജ്ഞമായ ഒരു ഹിമാലയൻ മലഞ്ചെരിവ്. നിബിഡമായി വളരുന്ന ദേവദാരു, ഓക്ക് മരങ്ങളുടെ (പേരറിയാത്ത മറ്റനേകം മരങ്ങളുടെയും ) ഹരിത ചാരുതയിൽ എല്ലാവരും പുളകിതരായി. ദേവദാരു വൃക്ഷ ശിഖരങ്ങളെ വകഞ്ഞു മാറ്റി വജ്ര സൂചികൾ പോലെ തുളച്ചു കയറി വരുന്ന സൂര്യരശ്മികളുടെ സുവർണദ്യുതി കാമറയിൽ പകർത്താനുള്ള തിരക്കിലായി എല്ലാവരും.സമയ പരിമിതി മൂലം ഞങ്ങൾക്ക് വൈകാതെ ധനോൾട്ടിയെ വൈമനസ്യത്തോടെ പിരിയേണ്ടി വന്നു. അഹങ്കാരത്തിന്റെ ഒരു പത്തികൂടി താഴ്ത്തിക്കൊണ്ട് നാട്ടിലേക്ക്.
(ലേഖികയുടെ ഫോൺ : 8547465145)