തിരുവനന്തപുരം: വാഹനങ്ങൾ വഴിമാറി കൊടുക്കുന്നതിനെചൊല്ലിയുള്ള തർക്കത്തിനെതുടർന്ന് യുവാവിനെ നടുറോഡിൽ തല്ലിച്ചതച്ചു. അനു ചന്ദ്രൻ എന്നയാളെയാണ് മൂന്ന് പേർ ചേർന്ന് പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ റോഡിലിട്ട് മർദ്ദിച്ചത്. സംഭവത്തെകുറിച്ച് പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വഴിയാത്രിക്കാരിലൊരാളെടുത്ത വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പോത്തൻകോട് സ്വദേശിയായ ഷിബുവും കുടുംബവും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനങ്ങൾ വഴിമാറുന്നതിനെ ചൊല്ലി ചില യുവാക്കളുമായി വാക്കു തർക്കമുണ്ടായി. അനു ചന്ദ്രനെന്ന യുവാവും സുഹൃത്തുക്കളും ചേർന്ന് ഷിബുവിനെ ആദ്യം ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. സംഭവമറിഞ്ഞെത്തിയ ഷിബുവിന്റെ സുഹൃത്തുക്കൾ അനുചന്ദ്രനെ റോഡിലിട്ട് അടിച്ചു.
അനുചന്ദ്രനെതിരെ പോത്തൻകോട് സ്റ്റേഷനിൽ നേരത്തെയും കേസുകളുണ്ട്. മൂക്കിന് പരിക്കേറ്റ ഷിബു വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചവർക്കെതിരെ ഷിബുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. എന്നാൽ മർദ്ദനേറ്റയാൾ ഇതുവരെ പരാതി നൽകിയില്ലെന്നും ആശുപത്രിയിൽ പോയിട്ടും കണ്ടെത്താനായില്ലെന്നും പോത്തൻകോട് പൊലീസ് പറയുന്നു.