ആരായുകിലന്ധത്വമൊഴിച്ചാദിമഹസിൽ
നേരാംവഴി കാട്ടും ഗുരുവല്ലോപരദൈവം"
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയും ഉച്ചനീചത്വവും കൊടികുത്തിവാണിരുന്ന ഇരുണ്ട കാലഘട്ടത്തിൽ മനുഷ്യമനസുകളിലെ അന്ധതയും അജ്ഞാനവും മാറ്റി നേർവഴി കാട്ടിയ പരമഗുരുവിനെ പരദൈവമായാണ് 'ഗുരുസ്തവ"ത്തിൽ മഹാകവി കുമാരനാശാൻ വിശേഷിക്കുന്നത്.
'ഗുരു നീയെന്റെ ദൈവം
എന്നാത്മാവിൽ ജ്വലിപ്പവൻ
വരൂ വീണ്ടും തമോഗർത്തം
തന്നിൽ താഴുകയാണിവൻ"
യശഃശരീരനായ പ്രശസ്ത കവി ഒ.എൻ.വി കുറുപ്പ് 'ഗുരു" എന്ന കവിതയിൽ ഗുരുവിനോട് നടത്തുന്ന പ്രാർത്ഥനയാണിത്.
'അജ്ഞാന തിമിരം തീർക്കും
അമാവാസി കടക്കുവാൻ
എനിക്ക് കൂട്ടുപോരുന്നു
സ്നേഹത്തിന്റെ കൈത്തിരി"
എന്ന് സമാശ്വസിക്കുന്നതാവട്ടെ പുതിയ തലമുറയിലെ ശ്രദ്ധേയനായ കവി പ്രഭാവർമ്മയും. കവിത 'ഗുരുനാരായണം." ഈ മൂന്ന് ശ്ലോകങ്ങളിലെയും വരികൾ വ്യത്യസ്തമാണെങ്കിലും ആശയം ഒന്നുതന്നെ. സാമൂഹ്യ പരിഷ്കർത്താവ് ,വിപ്ലവകാരി നവോത്ഥാന നായകൻ, മഹാകവികളിൽ മഹാകവി തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾക്ക് അർഹനായ യുഗപുരുഷനാണ് ശ്രീനാരായണ ഗുരുദേവൻ. ജീവചരിത്രം, കവിതകൾ, ലേഖനങ്ങൾ, പ്രബന്ധങ്ങൾ തുടങ്ങി നാനാശാഖകളിലായി ഗുരുദേവന്റെ ജീവിത മാഹാത്മ്യം പ്രതിപാദിക്കന്ന ആയിരക്കണക്കിന് രചനകളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പ്രസിദ്ധീകൃതമായത്. കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ, മറ്റൊരു യോഗിവര്യനെക്കുറിച്ചും ഇത്രയേറെ കൃതികൾ രചിക്കപ്പെട്ടിട്ടില്ല.
ഈ രചനാസാഗരത്തിൽ നിന്ന് മുങ്ങിത്തപ്പിയെടുത്ത അമൂല്യരത്നങ്ങളും മുത്തുകളും പവിഴങ്ങളും കോർത്തിണക്കി സമർപ്പിച്ച ഗുരു പുഷ്പാഞ്ജലിയാണ് 'ശ്രീനാരായണ ഗുരുദേവ കാവ്യാഞ്ജലി" ഗുരുമഹിമയെക്കുറിച്ച് മൂന്നു തലമുറകളിലെ പ്രമുഖർ രചിച്ച 101 കവിതകൾ രണ്ട് വർഷത്തെ തീവ്രയത്നത്തിലൂടെ മനോഹരമായും ഭാവനാപൂർവവും കോർത്തെടുത്തത് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ അഡ്മിനിസ്ട്രേറ്ററും കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മുൻ മേധാവിയുമായ ഡോ. എം. ശാർങ്ഗധരനും ശിവഗിരി അന്തേവാസി സുധാകർജി തലശേരിയും ചേർന്നാണ്. ഗുരുദേവൻ സാമൂഹ്യവിപ്ലവത്തിന് നാന്ദി കുറിച്ച അരുവിപ്പുറം പ്രതിഷ്ഠ ( 1888) മുതൽ മഹാസമാധി (1928) വരെയുള്ള കാലയളവാണ് ഇതിൽ ഒന്നാം തലമുറ.
കുമാരനാശാൻ, വള്ളത്തോൾ തുടങ്ങിയ മഹാകവികളും സന്യാസിവര്യൻമാരും ഉൾപ്പെടും. ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, അക്കിത്തം, ഒ.എൻ.വി, പാലാ നാരായണൻ നായർ തുടങ്ങി അടുത്ത അര നൂറ്രാണ്ടിലെ വിഖ്യാത കവികളുടെ രചനകളാണ് (1928-1978)രണ്ടാം തലമുറയിലുള്ളത്. തുടർന്നുള്ള നാലു ദശാബ്ദത്തിനിടെ (1978-2018) പ്രമുഖരായ എസ്. രമേശൻ നായർ, പ്രഭാവർമ്മ, ഏഴാച്ചേരി രാമചന്ദ്രൻ, മഞ്ചു വെള്ളായണി തുടങ്ങിയവരാണ് മൂന്നാം തലമുറ ശ്രേണിയിൽ. ഇതിന് പുറമെ, സി.വി. കുഞ്ഞുരാമൻ, ഡോ. പൽപ്പു, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ മഹത്തുക്കളുടെ കവിതകളും സഹോദരൻ അയ്യപ്പൻ രചിച്ച സമാധിഗീതവും ഈ സമാഹാരത്തെ പ്രൗഢവും സമ്പന്നവുമാക്കുന്നു. ഗുരുദേവൻ 1928ൽ സ്ഥാപിച്ച ആത്മീയ സംഘമായ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററായി രണ്ട് വർഷക്കാലം സേവനമനുഷ്ഠിക്കാൻ ഗുരുദേവന്റെ അപൂർവ കടാക്ഷം ലഭിച്ച ഡോ. എം. ശാർങ്ഗധരന് കൈവന്ന മറ്റൊരു ഗുരുനിയോഗം. കൊല്ലം ഗുരുമതം പബ്ളിക്കേഷൻസാണ് പ്രസാധകർ. വില 200 രൂപ.