ബാലിയിലെ മഴയും ബാലിപ്പെണ്ണിന്റെ മനസും ഒരുപോലെയാണെന്ന് നമ്മുടെ സഞ്ചാര സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാട് പറഞ്ഞിട്ടുണ്ട്. അതായത് രണ്ടും പെട്ടെന്ന് മാറുന്ന പ്രകൃതമാണെന്ന് ! അതുപോലെയാണ് നീലഗിരി കാലാവസ്ഥയുടെ കാര്യവും. മഞ്ഞും മഴയും വെയിലും എല്ലാം പ്രവചനാതീതമാണ്. എപ്പോൾ വേണമെങ്കിലും മാറും. പിന്നെ ഇത് ഒരു മലയുടെ മുകൾഭാഗമായതിനാൽ മഴപെയ്താൽ വെള്ളം പെട്ടെന്ന് തന്നെ ഒഴുകി സമതലത്തിലേക്കു പോകും. നൂറ്റാണ്ടുകൾക്കുമുമ്പ് ആളുകേറാമലയായിരുന്ന നീലഗിരി ജനവാസയോഗ്യമാക്കിയ ജോൺ സള്ളിവൻ എന്ന വ്യക്തി ഇതിനുള്ള പരിഹാരം അന്നേ കണ്ടുപിടിച്ചു. മലമുകളിൽ വീഴുന്ന മഴവെള്ളം തടഞ്ഞുനിറുത്താൻ ആദ്യമായി ഒരു തടയണ കെട്ടി വെള്ളം ശേഖരിച്ചതാണ് ഇന്ന് സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഊട്ടി തടാകം.
നീലഗിരിയെക്കുറിച്ച് അറിയാവുന്നവരെയും ഈ നാട്ടുകാരെയും വളരെ അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണിത്. കാരണം സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 8000 അടിയോളം ഉയരത്തിൽ മലയുടെ നെറുകയിലായതിനാൽ ഇവിടെ നാട്ടിലെപ്പോലെ വലിയ കുളങ്ങളോ ചിറകളോ ഇല്ല.
സള്ളിവൻ പണ്ട് ചെയ്തപോലെ തടയണയൊന്നും ഞാൻ കെട്ടിയതുമില്ല ! പിന്നെ ടൗണിൽ എങ്ങനെ ഇത്രയും വലിയ ഒരു തടാകം രൂപപ്പെട്ടു എന്നാണ് പലരുടെയും സംശയം? ഫോട്ടോഷോപ്പിന്റെ പണിയും മാനിപ്പുലേഷനും ഒക്കെയാണെന്നുവരെ ചില വിദഗ്ദ്ധർ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സംഗതി അതൊന്നുമല്ല. വളരെ നാളുകൾക്കുശേഷം ഒരു രാത്രി ഇവിടെ ശക്തമായ മഴ പെയ്തു. നേരം വെളുത്തപ്പോൾ മഴ പെയ്ത ലക്ഷണമേ ഇല്ലാത്ത രീതിയിൽ ഉഗ്രൻ വെയിലും തെളിഞ്ഞ നീലാകാശവുമായിരുന്നു ജനലിലൂടെ കണ്ടത്. വീടിന്റെ മുകൾനിലയിലെ കതക് തുറന്ന് ബാൽക്കണിയിൽ ഇറങ്ങി പുറത്തേക്കു നോക്കിയപ്പോൾ കണ്ട സീനാണ് ഇത്. ബാൽക്കണിക്ക് സമാന്തരമായി തൊട്ടു മുമ്പിലത്തെ വീട്ടുകാരുടെ ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നു. നല്ല വെയിലിൽ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ ടൗണിന്റെ ഒരുഭാഗം മുഴുവൻ ആ വെള്ളത്തിൽ പ്രതിബിംബമായി കണ്ടു. ഇങ്ങനെ ഒരു അവസരം ഇനി ഉണ്ടാകില്ല എന്നു തോന്നിയതിനാൽ ഉടനെ തന്നെ അത് കാമറയിലാക്കി. പ്രതീക്ഷിക്കാതിരുന്ന മഴയിൽ അവരുടെ ടെറസിന്റെ ഓവ് (ദ്വാരം) അടഞ്ഞിരുന്നതുകൊണ്ടുമാത്രമാണ് ഇങ്ങനെ ഒരു ചിത്രം എടുക്കാൻ പറ്റിയത്. ഒരു പത്തുമിനിറ്റ് കഴിഞ്ഞു വീണ്ടും വന്നു നോക്കുമ്പോൾ ആരോ വന്നു ഓവ് കുത്തി കളഞ്ഞു വെള്ളം മുഴുവൻ ഒഴുക്കി വിട്ടിരിക്കുന്നു, ഒപ്പം എന്നേക്കുമായി അല്പം മുമ്പ് സ്വപ്നത്തിൽ കണ്ടപോലെ ഞാൻ പകർത്തിയ ഈ മനോഹരദൃശ്യവും !