സുലക്ഷണയെ എപ്പോൾ കണ്ടാലും നാടകത്തിന് മേക്കപ്പിട്ട് നിൽക്കയാണെന്നേ തോന്നൂ. സ്വതവേ സ്വാഭാവിക സൗന്ദര്യം ആവോളമുണ്ടെങ്കിലും അതിൽ സ്വയം മതിപ്പില്ല. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്ന പഴഞ്ചൊല്ല് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ ദൃഢനിശ്ചയമെടുത്ത ഭാവം. രാവിലെ ഉറക്കമുണരുന്നത് മുതൽ നല്ല ഉറക്കം വരുന്നതുവരെ ഇൗ അലങ്കാരപ്പണികൾ തുടരും. സുലക്ഷണ മേക്കപ്പിട്ട് നിൽക്കുന്നതിനെക്കാൾ എത്രയോ സുന്ദരിയാണ് അതില്ലാതിരിക്കുമ്പോൾ എന്നൊക്കെ അടുത്ത സുഹൃത്തുക്കൾ പറയാറുണ്ട്. കോളേജിൽ പഠിക്കുമ്പോൾ കോളേജ് ബ്യൂട്ടിയായിരുന്നു. ആരും കണ്ടാലും ഒന്ന് നോക്കും. പ്രകൃതിദത്തമായ സൗന്ദര്യമുള്ള കുട്ടി എന്ന് അദ്ധ്യാപികമാർ പ്രശംസിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞതിനുശേഷമാണ് സുലക്ഷണയുടെ സൗന്ദര്യഭ്രമം അതിരുകടക്കുന്നത്. ഭർത്താവ് അരവിന്ദൻ അതിന് വളംവച്ചുകൊടുത്തു. സർക്കാർ ഉദ്യോഗസ്ഥനായ അയാൾ ഒന്നാം തീയതി ശമ്പളം കിട്ടുമ്പോൾ ഭാര്യയ്ക്കുവേണ്ട കുറെ മേക്കപ്പ് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരും. എവിടെയും താനും തന്റെ ഭാര്യയും ശ്രദ്ധിക്കപ്പെടണം, ചർച്ച ചെയ്യപ്പെടണം. ഇൗ ഒരു മോഹമേ പാവം അരവിന്ദനുണ്ടായിരുന്നുള്ളു. കന്നിനെ കയം കാണിച്ച പോലെ ഭർത്താവിന്റെ ഫാഷൻ ഭ്രമം വലിയ പുലിവാലായി.
ശമ്പളം കിട്ടുമ്പോൾ താൻ കൂടി വന്ന് മേക്കപ്പ് സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന നിബന്ധനവച്ചു സുലക്ഷണ. അരവിന്ദന് ഒഴിഞ്ഞുമാറാൻ ആവുമായിരുന്നില്ല. മുഖം, പുരികം, കാൽ, നഖം, തലമുടി എന്നിവയൊക്കെ ആകർഷകമാക്കാൻ ശമ്പളത്തിൽ നല്ലൊരു തുക അയാൾക്ക് നീക്കിവയ്ക്കേണ്ടിവന്നു. കുട്ടികളാകുമ്പോൾ ഭാര്യയുടെ സൗന്ദര്യം ലഹരി കുറയുമെന്ന ധാരണയും തെറ്റി. കുട്ടികൾ അധികം ഒരുങ്ങുന്നതും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൊന്നും സുലക്ഷണയ്ക്ക് ഇഷ്ടമല്ല. പോണിടത്തോളം പോകട്ടെ എന്ന നിരാശയിൽ അരവിന്ദൻ കഴിയുമ്പോഴാണ് സുലക്ഷണയുടെ കൂടെ പഠിച്ച നന്ദിനി അമേരിക്കയിൽ നിന്നുവരുന്നത്.
ന്യൂയോർക്കിൽ നല്ല നിലയിലാണ് നന്ദിനിയും കുടുംബവും. ഉറ്റകൂട്ടുകാരി വീട്ടിൽ വരുന്നുവെന്ന് അറിയിച്ചപ്പോൾ പതിവിലും മേക്കപ്പിട്ട് സുലക്ഷണ എയർപോർട്ടിൽ അരവിന്ദനൊപ്പം പോയി. പണ്ട് കോളേജിൽ പഠിച്ച അതേ മുഖഭാവത്തിൽ അധികം മേക്കപ്പൊന്നുമില്ലാതെ നന്ദിനി വരുന്നതുകണ്ടപ്പോൾ സുലക്ഷണ ഞെട്ടിപ്പോയി. നിന്റെ ചന്തമെല്ലാം മേക്കപ്പിട്ട് മറച്ചുകളഞ്ഞല്ലോ എന്ന കൂട്ടുകാരിയുടെ തമാശ അരവിന്ദനും രസിച്ചു. അതേക്കുറിച്ച് കൂടുതലറിയാൻ അയാൾ ശ്രമിച്ചപ്പോൾ നന്ദിനി വാചാലയായി. മഹാലക്ഷ്മി ലോകത്തിന്റെ ഐശ്വര്യദേവത. വീട്ടമ്മ ജോലിയുണ്ടായാലും ഇല്ലെങ്കിലും ഐശ്വര്യദേവത തന്നെ. വീട്ടിലെ സമാധാനം, സന്തോഷം എന്നിവയാണ് വീടിന്റെ ഐശ്വര്യം. സദാസമയവും സ്വന്തം ശരീരംനോക്കി മിനുക്കിയിരുന്നാൽ മക്കൾക്കു ലഭിക്കേണ്ട സ്നേഹവും പരിചരണവും ആര് നൽകും. എല്ലാം ആവശ്യത്തിന് മതി. വീടും അതിനുള്ളിലെ അന്തരീക്ഷവും ഐശ്വര്യമുള്ളതാക്കാൻ ശ്രമിക്കാതെ സ്വന്തം മുഖം മാത്രം മിനുക്കി നടന്നിട്ട് എന്തുകാര്യം. വീടിനും ജീവനുണ്ട്. വീടിനുമുണ്ടാകും ഒരുങ്ങാനും മിനുങ്ങാനും മോഹം. നന്ദിനിയുടെ ലളിതമായ വാക്കുകൾ കേട്ട് തൂവാലകൊണ്ട് സുലക്ഷണ തന്റെ മേക്കപ്പെല്ലാം തുടച്ചു. നീയിപ്പോൾ ഐശ്വര്യാറായിയെപ്പോലുണ്ട്. അരവിന്ദനും ചിരിച്ചുകൊണ്ട് അതിനോട് യോജിച്ചു.
(ഫോൺ : 9946108220)