കാഞ്ഞങ്ങാട്: തന്റെ തൂലികയിൽ പിറന്ന മാപ്പിളപ്പാട്ട് ഒഴുകിയെത്തുന്നത് കേട്ട് മാളിയേക്കലകത്ത് അബുകെൻസ വേദിയിലേക്ക് ഓടി. ആളെ കണ്ടപ്പോൾ വീണ്ടും അത്ഭുതം. നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് പ്രസന്നവദനനായി പാടുന്ന ദേവദത്തൻ. പാട്ടുകഴിഞ്ഞതും ഉള്ളിലറിയാതുറഞ്ഞ സ്നേഹക്കഷ്ണം ദേവദത്തന്റെ കവിളിൽ നൽകി. ദേവദത്തനെപ്പറ്റി കൂടുതലറിഞ്ഞപ്പോൾ ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷവുമായി.
മാപ്പിളപ്പാട്ടിന് എ ഗ്രേഡ് നേടിയ ദേവദത്തൻ വേദമന്ത്രങ്ങൾക്കേട്ടാണ് വളർന്നത്. കോട്ടയം തിരുവാർപ്പ് ആശാരിപ്പറമ്പിൽ അഭിലാഷ് - സജിത ദമ്പതികളുടെ മകൻ. അഭിലാഷ് തിരുവാർപ്പ് ഗുരുദേവ ക്ഷേത്രത്തിലെ ശാന്തിയാണ്. അച്ഛനിൽ നിന്ന് പൂജാവിധികൾ പഠിക്കുന്ന ദേവദത്തൻ പുലർച്ചെ 4ന് എഴുന്നേറ്റ് ശിവന്റെ ദേവശുദ്ധി വരുത്തുന്ന മന്ത്രം ഉരുവിട്ട ശേഷമാണ് ദിനചര്യ തുടങ്ങുന്നത്. മന്ത്രങ്ങൾ ഉരുവിടുന്ന നാവിൽ മാപ്പിളപ്പാട്ടിന്റെ ഇശൽ നിറഞ്ഞപ്പോൾ അബുക്കൻസയ്ക്ക് ഇതിൽപ്പരം ആനന്ദിക്കാൻ എന്തുവേണം. സമ്മാനമായി സ്വന്തം ഗാനത്തിന്റെ പകർപ്പിൽ കൈയൊപ്പിട്ട് കൈമാറി. ദേവദത്തനിൽ ദൈവികത വേണ്ടുവോളമുണ്ടെന്ന് അബു പറഞ്ഞു.
കുമരകം എസ്.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരൻ ദേവദത്തൻ ആദ്യമായാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്. യൂട്യൂബിൽ നിന്നാണ് മാപ്പിളപ്പാട്ടുകൾ പഠിക്കുന്നത്. ഇതിനൊപ്പം ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. അമ്മ സജിത മുത്തൂറ്റ് ഫിൻകോർപ്പിൽ ജോലി നോക്കുന്നു. അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ശിവഗംഗയാണ് സഹോദരി.