ഏഴാം വേദിയിൽ കേരളനടനം തുടങ്ങി. മൂന്നു കുട്ടികൾ ചുവടു വച്ചു പൂർത്തിയായി. നിറഞ്ഞു തുളുമ്പിയ സദസ്. പെട്ടെന്ന് കറണ്ട്പോയി. ജനറേറ്റർ എവിടെ? ചോദ്യം നാലുപാടു നിന്നും വന്നു. ജനറേറ്റർ പ്രത്യക്ഷപ്പെട്ടു. പക്ഷെ, ഓണാകുന്നില്ലേ. അകത്ത് ഡീസൽ ഒഴിച്ചാലല്ലെ ഈ കുന്ത്രാണ്ടം ഓണാകൂ. ഡീസൽ ഇല്ലാത്രേ. ദേ ഒരാൾ പാട്ടയുമായി ഓടുന്നു പമ്പിലേക്ക്. ഒന്നേ കാൽ മണിക്കൂറെടുത്തു ഡീസൽ എത്താൻ. അതുവരെ ക്ഷമിച്ചിരുന്ന കാണികളെ സമ്മതിക്കണം. ശാന്തസ്വരൂപർ. മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ തല്ലുണ്ടാകാൻ വേറെ കാരണം വേണ്ട.
മീഡിയാ കാർഡും നെഞ്ചിലേന്തിയാണ് ചാക്യാരും വേദികളിൽ സഞ്ചരിക്കുന്നത്. അപ്പോഴാണ് അറിയുന്നത്. ചിലരൊക്കെ കെട്ടിതൂക്കി നടക്കുന്ന മീഡിയാ കാർഡ് ഡ്യൂപ്പാണെന്ന്. മീഡിയാ സെന്ററിന്റെ പരിസരത്തു കാമറയുമായി കറങ്ങി നടന്ന ഒരു കൂട്ടർ മത്സരാർത്ഥികളുടെ പടമെടുത്ത് പണമാക്കിയെന്നും അറിഞ്ഞു. കാസർകോട് കാദർഭായിയെ അറിയില്ലേ? അങ്ങേരക്കാലും വലിയ ഭീകരന്മാണോ ഇവർ!
വെള്ളിക്കോത്ത് വേദിയിൽ എത്തുന്ന എല്ലാവർക്കും സദ്യ കൊടുക്കാൻ നാട്ടുകാർ റെഡിയായപ്പോൾ സംഘാടകർ ഇടംകോലിട്ടത്രേ.കുട്ടികൾ എൻ.എച്ചിൻ വക്കത്ത് നിന്ന് വെയിലുകൊണ്ട് വലഞ്ഞ ശേഷം ഉച്ചഭക്ഷണം നൽകുന്ന പരിപാടിയാണ് അവർക്കിഷ്ടം. എന്താ ചെയ്യുക? നാട്ടുകാരിൽ നിന്നും സാധനങ്ങൾ ശേഖരിച്ചാണ് പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കിയത്. ഒടുവിൽ അത് വേദി വളപ്പിനു വെളിയിൽ പന്തലിട്ട് വിതരണം ചെയ്തു. വേദികളിൽ തമ്മിൽ ദൂരമേറെയാകുമ്പോൾ എല്ലാവർക്കും ഗാതഗത കുരുക്ക് താണ്ടി ഊട്ടുപുരയിൽ എത്താൻ സാധിക്കില്ല. ഉച്ച നേരം കാഞ്ഞങ്ങാട്ടെ എല്ലാ ഹോട്ടലുകളും ഹൗസ് ഫുള്ളാണ്. അപ്പോൾ പിന്നെ വിശപ്പടക്കാൻ മുന്നോട്ടു വരുന്നവരെ എന്തിന് വൃഥാ വിലക്കണം?