മലപ്പുറം: അരക്കൊല്ല പരീക്ഷാ പുസ്തകങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിലെ വീഴ്ച്ചയിൽ പഴികേട്ടതോടെ കൊല്ലപ്പരീക്ഷയ്ക്കുള്ള പാഠപുസ്തകങ്ങൾ നേരത്തെയെത്തിക്കും. ഓൺലൈനായി പുസ്തകങ്ങൾക്ക് ഇൻഡന്റ് നൽകുന്ന പ്രക്രിയ സ്കൂളുകൾ ഏതാണ്ട് പൂർത്തിയാക്കി. ഡിസംബർ പകുതിയോടെ മുഴുവൻ പുസ്തകങ്ങളുമെത്തിച്ച് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. കാൽക്കൊല്ലം, അരക്കൊല്ലം, കൊല്ല പരീക്ഷകൾക്കായി 42 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ വേണ്ടത്. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന ബാലവകാശ കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്നാണ് ഒരുവർഷത്തേക്കുള്ള പുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായി പുറത്തിറക്കുന്നത്.
പൂർത്തിയായത് ഇന്നലെ !
അരക്കൊല്ല പരീക്ഷയ്ക്ക് ഒരുമാസം മാത്രം ശേഷിക്കേ ഇന്നലെയാണ് കുറവുള്ള പുസ്തകങ്ങളുടെ വിതരണം പൂർത്തിയായത്. ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ 1.14 ലക്ഷവും ഒമ്പത്, പത്ത് ക്ലാസുകളിലെ 16,500 പുസ്തകങ്ങളും വിതരണം ചെയ്തു. പാഠപുസ്തക അച്ചടി ചുമതലയുള്ള എറണാകുളത്തെ കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയിൽ (കെ.ബി.പി.എസ്) നിന്ന് ഇന്നലെയാണ് സിവിൽ സ്റ്റേഷനിലെ ബുക്ക് ഡിപ്പോയിലേക്ക് അവസാന ലോഡ് പുസ്തകങ്ങളെത്തിയത്. ഇന്നലെ മഞ്ചേരി, നിലമ്പൂർ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വേങ്ങര, കൊണ്ടോട്ടി, മേലാറ്റൂർ, മലപ്പുറം എ.ഇ.ഒ പരിധിയിലെ സ്കൂളുകൾക്ക് പുസ്തകങ്ങൾ കൈമാറി. എ.ഇ.ഒ അധികൃതർ മുഖേനപുസ്തക വിതരണത്തിന് കാത്തുനിൽക്കാതെ പല സ്കൂളുകളും ബുക്ക് ഡിപ്പോയിൽ നേരിട്ടെത്തി പുസ്തകങ്ങൾ കൈപ്പറ്റി. വ്യാഴാഴ്ച എട്ട് എ.ഇ.ഒകൾക്കും പുസ്തകങ്ങൾ കൈമാറിയിരുന്നു. പുസ്തകങ്ങൾ തിങ്കളാഴ്ച്ച കുട്ടികളുടെ കൈകളിലെത്തും. സമയബന്ധിതമായി അച്ചടി പൂർത്തിയാക്കുന്നതിലെ കെ.ബി.പി.എസിന്റെ വീഴ്ച്ചയാണ് പ്രതിസന്ധിക്ക് കാരണമായത്.
പാഠപുസ്തകങ്ങളുടെ വിതരണം ഇന്നലത്തോടെ പൂർത്തിയാക്കി. ഇനിയും ഏതെങ്കിലും സ്കൂളുകൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ നേരിട്ടെത്തി വിതരണം ചെയ്യും. കൊല്ല പരീക്ഷ പുസ്തകങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും.
ഡി.ഡി.ഇ അധികൃതർ