പൊന്നാനി: തീരത്തെ വിറപ്പിച്ച കടലാക്രമണത്തിന് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വ്യാഴാഴ്ച രാവിലെയോടെ ആരംഭിച്ച കടലാക്രമണത്തിന് പൊന്നാനി താലൂക്കിൽ വെള്ളിയാഴ്ച്ച പുലർച്ചയോടെയാണ് ശമനമായത്. മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു പോയതോടെയാണ് കടൽ കലിയടങ്ങിയത്. കടലാക്രമണത്തെതുടർന്ന് പൊന്നാനി എം.ഐ.എച്ച്.എസ്.എസിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന അഞ്ഞൂറോളം കുടുംബങ്ങളിൽ ഭൂരിഭാഗം പേരും കടൽ ശാന്തമായതോടെ വീടുകളിലേക്ക് മടങ്ങി.
കൂടാതെ ബന്ധുവീടുകളിൽ താമസിച്ചിരുന്നവരും വീടുകളിൽ മടങ്ങിയെത്തിത്തുടങ്ങി.
വ്യാഴാഴ്ച രാത്രി തന്നെ കടലാക്രമണം ശക്തി കുറഞ്ഞിരുന്നു. പൊന്നാനി താലൂക്കിലെ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ദുരിതം വിതച്ചത്.വെള്ളം പൂർണ്ണമായും ഒഴിഞ്ഞു പോവാത്ത വീടുകളിലുള്ളവരാണ് ക്യാമ്പിൽ തന്നെ കഴിയുന്നത്.
കടലാക്രമണം ശക്തമായ ഉടൻ തന്നെ ക്യാമ്പുകൾ നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ തുറന്നത് തീരവാസികൾക്ക് ആശ്വാസമായിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങുന്ന വീടുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞവും സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയതായി നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു.കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ മീറ്ററുകളോളം കരഭാഗം കടലെടുക്കുകയും നിരവധി കായ്ഫലമുള്ള തെങ്ങുകൾ നിലംപൊത്തുകയും ചെയ്തു.പെരിയമ്പലം ബീച്ചിലെ ഇരിപ്പിടങ്ങളും ബാത്ത് റൂമും കടലാക്രമണത്തിൽ തകർന്നിരുന്നു.
കാപ്പിരിക്കാട് മേഖലയിൽ 15ഓളം വീടുകളും വെളിയങ്കോട് പത്തുമുറിയിൽ മൂന്നു വീടുകളും പൊന്നാനി മുല്ലാ റോഡ് ഭാഗത്ത് അഞ്ചു വീടുകളും മുറിഞ്ഞഴി, അലിയാർ പള്ളി, മരക്കടവ് മേഖലകളിലായി പത്തോളം വീടുകളും ലൈറ്റ് ഹൗസിന് സമീപത്തെ മൂന്നുവീടുകളും, തകർച്ചാഭീഷണിയിലാണ്. അടുത്തൊരു കടലാക്രമണമുണ്ടായാൽ ഈ വീടുകളെല്ലാം കടലെടുക്കുന്ന നിലയിലാണ്.കടൽ ശാന്തമായതോടെ മത്സ്യ ബന്ധന വള്ളങ്ങളും ബോട്ടുകളും ശനിയാഴ്ച കടലിലിറങ്ങും.