പരപ്പനങ്ങാടി :പണി പൂർത്തിയായിട്ടും നോക്കുകുത്തിയായി മാറുകയാണ് പരപ്പനങ്ങാടിയിലെ കെട്ടുങ്ങൽ പാലം. സംസ്ഥാന സർക്കാർ നബാർഡിന്റെ സഹായത്തോടെ മൂന്നുവർഷം മുമ്പാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡ് പൂർത്തിയാകാത്തതാണ് കോടികൾ മുടക്കി നിർമ്മിച്ച പാലത്തെ നോക്കുകുത്തിയാക്കിയത്.
താനൂർ- പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളുടെ അതിർത്തിയിലൂടെയാണ് പാലം കടന്നുപോകുന്നത് .
തിരൂരങ്ങാടി നിയോജകമണ്ഡലത്തിന്റെ കൂടി അതിർത്തി പ്രദേശമായ പരപ്പനങ്ങാടി പരിയാപുരത്താണ് പാലത്തിന്റെ വടക്കുഭാഗം അവസാനിക്കുന്നത് .തെക്കുഭാഗം അവസാനിക്കുന്നത് താനൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തി പ്രദേശത്തും .
പരപ്പനങ്ങാടി ഭാഗത്തു അപ്രോച്ച് റോഡിന്റെ പണി ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. താനൂർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഒരു വ്യക്തി സ്ഥലം വിട്ടു കൊടുക്കാത്തതിനാലാണ് റോഡ് നിർമ്മാണം ആരംഭിക്കാത്തത്.
താനൂർ ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
യാത്ര സുഗമമാവും
അപ്രോച്ച് റോഡ് പൂർത്തിയാക്കി ഗതാഗതം സാദ്ധ്യമാക്കാനായാൽ എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള ദൂരത്തിൽ ഗണ്യമായ കുറവ് വരും.
ചമ്രവട്ടം പാതയുടെ സമാന്തര പാതയായി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാം.
പൊന്നാനി മുതൽ കടലുണ്ടിക്കടവ് വരെ തീരദേശ പാതയെ ആശ്രയിക്കാനാവും.