പൊന്നാനി: വിമത പ്രവർത്തനങ്ങളുടെ പേരിൽ പൊന്നാനിയിലെ എഴ് പ്രധാന നേതാക്കളെ സി.പി.ഐ ആറു മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായിരുന്ന പി.അജയൻ, പി.പ്രദീപ്, ടി.എം.ഇബ്രാഹിംകുട്ടി, സി.പി മണികണ്ഠൻ, എൻ. സിറാജുദ്ദീൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.എ ഹമീദ്, ടി.അലി എന്നിവർക്കെതിരെയാണ് നടപടി. എൻ. സിറാജുദ്ദീനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. പാർട്ടി സ്ഥാനങ്ങൾ മാറ്റിക്കൊണ്ടുള്ള നടപടി നേരിടുന്ന ഘട്ടത്തിലും വിമത പ്രവർത്തനം തുടർന്നതിനാലാണ് പുതിയ നടപടി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷമാണ് പൊന്നാനി താലൂക്കിലെ സി.പി. ഐയിൽ അഭിപ്രായ ഭിന്നത പരസ്യമായി പുറത്തുവന്നത്. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പ്രോഗ്രസീവ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി സമാന്തര പ്രവർത്തനങ്ങൾ ആരംഭിച്ചു. അഞ്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ തത്സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സമാന്തര പ്രവർത്തനങ്ങളുമായി വിമതർ മുന്നോട്ടു പോയി. നേതൃത്വത്തെ വെല്ലുവിളിച്ചും അഴിമതി ആരോപണം ഉയർത്തിയുമായിരുന്നു വിമതരുടെ പ്രവർത്തനം. സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ മാസം പൊന്നാനി ബസ് സ്റ്റാന്റിലും വെളിയങ്കോടും വിമതർ നടത്തിയ പൊതുപരിപാടികളാണ് സി.പി.ഐ നേതൃത്വത്തെ കൂടുതൽ ചൊടിപ്പിച്ചത്. വെളിയങ്കോട് നടന്ന പരിപാടിയിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.കെ സൈനുദ്ദീൻ പങ്കെടുത്തത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
പരിപാടിയുടെ ഉദ്ഘാടകനായി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുത്തതിനെതിരെ സി.പി. ഐ അനിഷ്ടമറിയിക്കുകയും ചെയ്തിരുന്നു. വിമത പ്രവർത്തനങ്ങളുമായി പ്രോഗ്രസീവ് ഫൗണ്ടേഷൻ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കർശന നടപടിക്ക് സി.പി.ഐ നിർബന്ധിതമായത്.