മലപ്പുറം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അറ്റകുറ്റ പണികൾക്കായി കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂർണ്ണമായി നിറുത്തും. രാത്രി ഒമ്പത് മുതൽ രാവിലെ ആറു വരെയാണ് നിരോധനം. മിനി പമ്പയിൽ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അദ്ധ്യക്ഷതയിൽ കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായത്. ശബരിമല തീർത്ഥാടകർ എത്തുന്നതിന് മുന്നോടിയായി പ്രവൃത്തി പൂർത്തീകരിക്കൽ അനിവാര്യമായതും കാലാവസ്ഥ അനുകൂലമായതും പരിഗണിച്ചാണ് നവംബർ ആറിന് തന്നെ പ്രവൃത്തി തുടങ്ങുന്നത്.
ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ഡോ. കെ.ടി ജലീൽ നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതുവഴി പോകേണ്ട യാത്രക്കാർക്ക് സൗകര്യപ്രദമായ സമാന്തര പാതകൾ സംബന്ധിച്ചും റോഡ് തിരിഞ്ഞ് പോകേണ്ട പ്രധാന സ്ഥലങ്ങളിൽ ദിശാ സൂചികകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ധാരണയായിരുന്നു.
ടാർ, ചുണ്ണാമ്പ് എന്നിവ ചേർത്ത മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്തോടെയാണ് പാലത്തിന് മുകളിലെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക.
ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളിൽ കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വളാഞ്ചേരിയിൽ നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കിൽ പുത്തനത്താണിയിൽ നിന്നും പട്ടർനടക്കാവ് തിരുനാവായ ബി.പി അങ്ങാടി ചമ്രവട്ടം വഴിയോ പോകണം. തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ എടപ്പാളിൽ നിന്ന് തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴിയും പോകണം.