cpi
സി.പി.ഐ

പൊന്നാനി: സി.പി.ഐ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുപ്പത്തഞ്ചോളം പ്രാദേശിക പാർട്ടി നേതാക്കൾ രാജിവെച്ചു. ലോക്കൽ കമ്മറ്റി അസി.സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, യുവജന വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ തുടങ്ങിയ പ്രധാന നേതാക്കളാണ് തൽസ്ഥാനങ്ങളിൽ നിന്നും രാജിവെച്ചിരിക്കുന്നത്. ഏഴ് പ്രധാന മണ്ഡലം നേതാക്കളെയും അഞ്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെയും പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്. നാനൂറിൽപരം പാർട്ടി മെമ്പർമാരും കൂടാതെ അഞ്ഞൂറിലധികം പാർടി പ്രവർത്തകരും പ്രാദേശിക നേതാക്കൾക്ക് പിന്തുണ നൽകുന്നുണ്ട്.

എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി അഭിലാഷ്, വെളിയങ്കോട് എൽ.സി അസി.സെക്രട്ടറി വി ബഷീർ, വെളിയങ്കോട് ബ്രാഞ്ച് സെക്രട്ടറി കെ.എ അസീസ്, അയ്യോട്ടിച്ചിറ ബ്രാഞ്ച് സെക്രട്ടറി ടി മുഹമ്മദ് കുട്ടി, എൽ സി അംഗങ്ങളായ കെ എം അബ്ദു, പി പി റംല, എം പി ഹുസൈൻ, എ വി ഉദയൻ ,കെ കെ ബഷീർ,ഗ്രാമം ബ്രാഞ്ച് സെക്രട്ടറി വി വേണുഗോപാൽ, എ ഐ വൈ എഫ് എൽ സി സെക്രട്ടറി ജി നിവീഷ്, മാറഞ്ചേരി പാർടി ഭാരവാഹികളായ അഷ്രഫ് കാഞ്ഞിരമുക്ക്, മണികണ്ഠൻ പുറങ്ങ്, ഇ ഷൗക്കത്ത്,പാർടി പൊന്നാനി മുനിസിപ്പൽ കമ്മറ്റി അസി.സെക്രട്ടറി പി പി അബ്ദുറഹിമാൻ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഇ മുജീബ് റഹ്മാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെവി കോയ, കെ മൊയ്തീൻകോയ, വി ഇക്ബാൽ, അബ്ദുസമദ് ഈഴുവത്തിരുത്തി, മരക്കടവ് ബ്രാഞ്ച് അസി.സെക്രട്ടറി ഉബൈദ്, സൗത്ത് ബ്രാഞ്ച് അസി.സെക്രട്ടറി സി ഗഫൂർ, ട്രേഡ് യൂണിയൻ യുവജന നേതാക്കളായ യു അജീഷ്, എ എം നവാസ്, എരമംഗലം ബ്രാഞ്ച് അസി.സെക്രട്ടറി അലിമോൻ,എ ഐ വൈ എഫ് എരമംഗലം മേഖലാ ഭാരവാഹികളായ സുനീർ പുഴക്കര,വി വിനോദ്, എം രോഹിത്,എ ഐ എസ് എഫ് ജില്ലാ കമ്മറ്റി അംഗം പി ജിഷ്ണു, പാർടി നന്നംമുക്ക് ബ്രാഞ്ച് സെക്രട്ടറി കെ വി കുഞ്ഞിപ്പ,ലോക്കൽ കമ്മറ്റി അംഗങ്ങളായ ' നൗഷാദ്,എം പി ഉണ്ണികൃഷ്ണൻ, ടി വി ഉമ്മർ, കല്ലൂർമ്മ ബ്രാഞ്ച് സെക്രട്ടറി എം എം കാദർ, നരണിപ്പുഴ ബ്രാഞ്ച് സെക്രട്ടറി പി റിൻഷാദ്, പളളിക്കര അസി.സെക്രട്ടറി പി വി ജമാൽ, മഹിളാസംഘം ഭാരവാഹികളായ സി നിഷ, ഷാനി നരണിപ്പുഴ തുടങ്ങിയ പ്രാദേശിക നേതാക്കളാണ് തത്സ്ഥാനങ്ങളിൽ നിന്നും കൂട്ടരാജി നൽകിയത്.

അഴിമതിയും വിഭാഗീയതയും

പൊന്നാനിയിൽ ഒരു വിഭാഗം നേതാക്കളുടെ അഴിമതിക്കെതിരെയും വിഭാഗീയതക്കെതിരെയും തുടങ്ങിയ സംഘടനാ പ്രശ്‌നം പാർട്ടിയുടെ അഞ്ച് ലോക്കൽ കമ്മറ്റി സെക്രട്ടറിമാരുടെയും മറ്റു പ്രധാന മണ്ഡലം നേതാക്കളുടെയും,യുവജന ട്രേഡ് യൂണിയൻ നേതാക്കളുടെയും നേതൃത്വത്തിൽ സമാന്തര സംഘടന രൂപീകരണത്തിൽ കലാശിച്ചിരുന്നു. പ്രോഗ്രസ്സീവ് ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ചവർ പാർട്ടിയുടെയും പോഷക സംഘടനകളുടെയും പരിപാടികളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയും നിരവധി പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും പൊന്നാനിയിലെ ഔദ്യോഗിക വിഭാഗം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സി പി ഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ പി അജയൻ, എം എ ഹമീദ്,സി പി മണികണ്ഠൻ, പി പ്രദീപ്, ടി ഇബ്രാഹിംകുട്ടി, ടി അലി എന്നിവരെയാണ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. നേരത്തെ അഞ്ച് ലോക്കൽ കമ്മറ്റി സെക്രട്ടറിമാരെയും മാറ്റിയിരുന്നു.