പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണി ഉടൻ നടത്താൻ താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം. പുതുപൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ മഴ കഴിഞ്ഞയുടൻ അറ്റകുറ്റപണികൾ ആരംഭിക്കുമെന്ന് പി.ഡബ്യു.ഡി.ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. താലൂക്കിൽ മഴക്കാലത്ത് പോലും കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യോഗത്തിൽ വ്യാപക വിമർശനമുയർന്നു.
തൽസ്ഥിതി തുടർന്നാൽ വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും തീരുമാനമായി. സ്വകാര്യ ബസുകൾ അനിയന്ത്രിതമായി നടുറോഡിൽ പാർക്ക് ചെയ്യുന്നത് ആവർത്തിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പൊന്നാനിയിൽ പുതിയതായി ആരംഭിച്ച ഹാർബറിലെ പോരായ്മകൾ പരിഹരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
മഹാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ റവന്യൂ വകുപ്പിന്റെയും, പൊന്നാനി നഗരസഭയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സമയോചിതമായ ഇടപെടലിനെ യോഗം അഭിനന്ദിച്ചു. പൊന്നാനി തഹസിൽദാർ സുശീലയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ സംബന്ധിച്ചു.