വള്ളിക്കുന്ന് : അരിയല്ലൂർ പരപ്പാൽ ബീച്ചിൽ പൂർണ്ണമായും കടലെടുത്ത ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കുവശത്തു താമസിക്കുന്ന 13 വീട്ടുകാരോട് വീട്ടിലേക്ക് തിരിച്ചുപോവാൻ അധികൃതർ നിർദ്ദേശിച്ചു. ക്യാമ്പ് അവസാനിപ്പിച്ചെന്നും മടങ്ങണമെന്നുമാണ് ആവശ്യം. എതുനിമിഷവും കടലാക്രമണം ഉണ്ടായേക്കാവുന്ന സ്ഥലത്തേക്ക് എങ്ങനെ മടങ്ങുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
രണ്ടാഴ്ച മുമ്പ് ടിപ്പുസുൽത്താൻ റോഡ് പൂർണ്ണമായും കടലെടുത്തതോടെയാണ് പ്രദേശത്തുകാർ ഏതുനിമിഷവും കടലാക്രമണത്തെ നേരിടേണ്ടി വരുമെന്ന സ്ഥിതിയിലായത്. തുടർന്ന് തഹസിൽദാർ സ്ഥലത്തെത്തി 13 വീട്ടുകാരോടും തൊട്ടടുത്ത ഗവ. യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ നിർദ്ദേശിച്ചു. 71ഓളം പേർ രണ്ടാഴ്ചയോളമായി ക്യാമ്പിലാണ് താമസം. ഇപ്പോൾ അധികൃതർ ക്യാമ്പ് അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്കൂളിലെ ക്യാ മ്പിൽ വിളിച്ചുകൂട്ടിയജനപ്രതിനിധികളുടെ യോഗം ക്യാമ്പിലുള്ളവർക്ക് പൂർണ്ണപിന്തുണ നൽകാൻ തീരുമാനിച്ചു. വാർഡ് മെമ്പർ കാട്ടീരി നബീസ അദ്ധ്യക്ഷത വഹിച്ചു. നിസാർ കുന്നുമ്മൽ, ലത്തീഫ് കല്ലിടുമ്പൻ, സുനി, അപ്പുക്കുട്ടൻ, കാരിക്കുട്ടി, വിനയൻ, ഖാലിദ്, സി.കുട്ടിമോൻ എന്നിവർ പ്രസംഗിച്ചു.