മലപ്പുറം: സ്വകാര്യ ബസ് വ്യവസായം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രക്ഷോഭ സമരഭാഗമായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം ആറിന് 10.30ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കുഞ്ഞാവ ഹാജി ഉദ്ഘാടനം ചെയ്യും.
യാത്രക്കാരുടെ ആവശ്യം പരിഗണിക്കാതെ നോട്ടിഫൈ സെക്ടറിൽ ബസ് റൂട്ടുകൾ പിൻവലിച്ച് പെർമിറ്റില്ലാതെയും സമയക്രമമില്ലാതെയും സ്വകാര്യ ബസ് റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകൾ സ്വകാര്യ ബസുടമകളെ സാമ്പത്തികമായി തകർക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഡീസൽ, സ്പെയർപാർട്സ് വിലവർദ്ധനവിന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്കടക്കം ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് നവംബർ 13ന് സെക്രട്ടേറിയറ്റ് മാർച്ചും 20ന് സൂചനാസമരവും നടത്തും.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സർവീസ് നിറുത്തിവച്ച് സമരമുഖത്തേക്കിറങ്ങുമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഹംസ എരിക്കുന്നൻ, ഫക്കീസ കുഞ്ഞിപ്പ, നാണി ഹാജി, എം. രായിൻകുട്ടി, കെ. മുഹമ്മദലി ഹാജി എന്നിവർ പറഞ്ഞു.