മലപ്പുറം: ഈ വർഷത്തെ നബിദിനാഘോഷം പരിസ്ഥിതി സൗഹൃദവും ഹരിത ചട്ട പ്രകാരവുമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകളക്ടർ ജാഫർ മാലിക് പറഞ്ഞു. ജില്ലയിലെ വിവിധ മതസംഘടനാ നേതാക്കളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
പ്ലാസ്റ്റിക്, ഡിസ്പോസിബിൾ സാമഗ്രികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കാൻ ഖത്തീബുമാർ അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ഉദ്ബോധനം നടത്തണമെന്ന് കളക്ടർ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിലും മറ്റും ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്താനും നിർദ്ദേശിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളും ഇത്തരം പരിപാടികളിൽ നൽകുന്നില്ലെന്നു സംഘാടകർ ഉറപ്പുവരുത്തണം. ഘോഷയാത്രയ്ക്കു സ്വീകരണം നൽകുന്ന കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ശുചീകരണം സംഘാടകർ സ്വയം ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.ടി.രാകേഷ്, വിവിധ സംഘടന പ്രതിനിധികളായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുൾ ഖാദർ ഫൈസി (സമസ്ത), പി.എം.മുസ്തഫ(കേരള മുസ്ലിം ജമാഅത്ത്), കെ.പി.ജമാൽ(എസ്.വൈ.എസ്), സദറുദ്ദീൻ(ജമാഅത്തെ ഇസ്ലാമി), അബ്ദുൽ വഹാബ് (മഅ്ദിൻ അക്കാദമി), ഇസ്മായിൽ ഹുദവി(എസ്.എം.എഫ് ) എന്നിവർ പങ്കെടുത്തു.
ഇവ പാലിക്കണം
ഭക്ഷണ സാധന വിതരണം : പാനീയങ്ങൾ, ചായ ഉൾപ്പെടെ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക്, തെർമോകോൾ, പേപ്പർ, അലൂമിനിയം ഫോയിൽ ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയ്ക്ക് പകരം സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കുക.
ഐസ്ക്രീം, സലാഡ് വിതരണത്തിന് പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം പേപ്പർ കപ്പുകൾ ഉപയോഗിക്കുക. പരമാവധി സ്റ്റീൽ കപ്പുകൾ ഉപയോഗിക്കുക.
തോരണങ്ങൾ, നോട്ടീസുകൾ, ബാനറുകൾ എന്നിവയ്ക്ക് ഫ്ളക്സും പ്ലാസ്റ്റിക് ഉത്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കി പേപ്പറിലോ തുണിയിലോ നിർമ്മിച്ചവ ഉപയോഗിക്കുക.
മഹല്ല് തലത്തിലെ മുഴുവൻ കുടുംബങ്ങളെയും സംഘടനകളെയും പ്ലാസ്റ്റിക് ഉപയോഗത്തിനെയും പ്ലാസ്റ്റിക് കത്തിക്കൽ മൂലമുള്ള ആരോഗ്യ ഭവിഷ്യത്തിനെക്കുറിച്ചും ഇമാമിന്റെ നേതൃത്വത്തിൽ ബോധവത്കരിക്കുക.
പാരിതോഷികങ്ങൾ നൽകുമ്പോൾ പ്ലാസ്റ്റിക് പാക്കിംഗുകൾ ഒഴിവാക്കുക.
വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ പാത്രങ്ങൾ കൊണ്ടുവരുന്നതിന് വീട്ടുകാർക്ക് നിർദ്ദേശം നൽകുക.
പള്ളികൾ, മദ്രസകൾ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന എല്ലാ വിധ ഭക്ഷണ വിതരണത്തിനുമുള്ള ഉപയോഗത്തിന് ആവശ്യമായ സ്റ്റീൽ ഗ്ലാസുകൾ, പ്ലേറ്റുകൾ അതത് സ്ഥാപനങ്ങൾ പ്രത്യേകം ഏർപ്പെടുത്തുക.
ജൈവ മാലിന്യ സംസ്കരണത്തിന് കമ്പോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിക്കുക.
അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് റീസൈക്കിൾ ഏജൻസികൾക്ക് നൽകുക.