പെരിന്തൽമണ്ണ: വള്ളുനാട്ടിലെ പ്രസിദ്ധമായ ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പതിനേഴാമത് ആനയൂട്ട് വിവിധ പരിപാടികളോടെ ആഘോഷിച്ചു .
പുലർച്ചെ നാലരയ്ക്ക് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ക്ഷേത്രം തന്ത്രി എടത്ര മൂത്തേടത്ത് നാരായണൻ നമ്പൂതിരി, മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി തെക്കം പറമ്പത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം നൽകി. മണ്ണാർക്കാട് ഹരിദാസ് മാരാർ, കലാനിലയം ഹരിപ്രസാദ് വാര്യർ അലനെല്ലൂർ എന്നിവരുടെ അഷ്ടപദി, പ്രത്യക്ഷ ഗണപതി പൂജ, വിശേഷാൽ മംഗല്യ പൂജ, പത്താമത് നവാഹ സത്രത്തോടനുബന്ധിച്ചുള്ള സത്സംഗം, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായി. മലപ്പുറം ആനപ്രേമി സംഘം അവശ പാപ്പാൻമാർക്കള്ള ധനസഹായ വിതരണവും നടത്തി.
പ്രത്യക്ഷ ഗണപതിയായി വാര്യത്ത് ജയരാജ് എന്ന ഗജവീരൻ അണിനിരന്നു. കൂടാതെ പാറന്നൂർ നന്ദൻ, മനിശ്ശേരി രാജേന്ദ്രൻ, കൂറ്റനാട് വിഷ്ണു, മുള്ളത്ത് വിജയകൃഷണൻ, തിരുവേഗപ്പുറ പത്മനാഭൻ, ഗുരുജി ബാലനാരായണൻ, അയിരൂർ വാസുദേവൻ, ഉണ്ണിമങ്ങാട് ശ്രീവിഘ്നേശ്വരൻ, അക്കിക്കാവ് കാർത്തികേയൻ, കളരിക്കാവ് അമ്പാടിക്കണ്ണൻ, പുത്തൻകുളം ആമ്പാടി മഹാദേവൻ, ചെത്തല്ലൂർ മുരളീകൃഷ്ണൻ, അക്കരമേൽ ബാബുലാൽ, കടമ്പാട്ട് ഗണപതി എന്നീ ഗജവീരൻമാർക്ക് പുറമെ ലെക്കിടി ഇന്ദിരയും ആനയൂട്ടിൽ അണിനിരന്നു.