തേഞ്ഞിപ്പലം : പെരുവള്ളൂർ ഗവ. എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഫണ്ടനുവദിച്ച് രണ്ട് വർഷമായിട്ടും പ്രവൃത്തി എങ്ങുമെത്തിയില്ല. 2018ന്റെ തുടക്കത്തിൽ കിഫ്ബിയിൽ നിന്നും 6,88,99,344 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്.
സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പി അബ്ദുൾ ഹമീദ് എം.എൽ.എയുടെ ഇടപെടൽ കാരണം സ്കൂളിന് ഫണ്ട് അനുവദിച്ചത്. ഒമ്പതുമാസം കൊണ്ട് പ്രവൃത്തി തീർക്കുമെന്നായിരുന്നു കരാർ. 18 ക്ലാസുകൾ പ്രവർത്തിക്കുന്ന സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി 2018 മാർച്ചോടെ ആരംഭിച്ചത്. എന്നാൽ ഫില്ലറിന്റെയും സൺഷേഡിന്റെയും ചിലയിടങ്ങളിൽ ചുമരിന്റെയും പ്രവൃത്തി മാത്രമേ നടന്നുള്ളൂ. ഇതോടെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായുള്ള 18 ക്ലാസുകളിലെ വിദ്യാർത്ഥികൾ പെരുവഴിയിലായി. ഒന്നര വർഷത്തിലേറെയായി ഈ വിദ്യാർത്ഥികൾ സ്റ്റാഫ് റൂമിലും തൊട്ടടുത്ത മദ്രസയിലുമായാണ് പഠനം നടത്തുന്നത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ഫണ്ടനുവദിച്ചു നൽകുന്നതിലുള്ള സർക്കാരിന്റെ അനാസ്ഥയാണ് പ്രവൃത്തിക്ക് തടസ്സമായതെന്നാണ് ഭാരവാഹികൾ പറയുന്നു.
പണം നൽകാത്തത് പ്രശ്നം
പ്രവൃത്തിക്കായി സ്കൂൾ പരിസരത്ത് ഇറക്കിയ ടൺ കണക്കിന് കമ്പികളും കെട്ടിടത്തിന്റെ ഫില്ലറുകൾക്കായി സ്ഥാപിച്ച കമ്പികളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും തുരുമ്പെടുത്ത നിലയിലാണ്.
കോൺട്രാക്ട് കമ്പനിയിൽ നിന്നും സബ് കോൺട്രാക്ട് എടുത്തവരാണ് പ്രവൃത്തി നടത്തി വന്നത്.
ഈ കരാറുകാരന് എടുത്ത പ്രവൃത്തിയുടെ പണം ലഭിക്കാത്തതിനെ തുടർന്ന് കമ്പികൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ സ്കൂൾ ഗ്രൗണ്ടിൽ നിന്നും കൊണ്ട് പോകാൻ ശ്രമിച്ചത് പി.ടി.എ വൈസ് പ്രസിഡന്റ് സി. അബ്ദുസലാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.