പൊന്നാനി: ഒന്നര വർഷം മുമ്പ് പുനർനിർമ്മാണത്തിനായി പൊളിച്ച പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് - കുട്ടാട് റോഡ് നന്നാക്കിയില്ല. നൂറിലേറെ കുടുംബങ്ങൾ യാത്രയ്ക്കായി ഗതിമുട്ടിയ നിലയിലാണ്.
റോഡ് ക്വാറി അവശിഷ്ടങ്ങളിട്ട് ഉയർത്തിയിരുന്നെങ്കിലും മറ്റു നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഫണ്ട് വകയിരുത്തുകയും കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
കാൽനടയാത്ര പോലും ദുഷ്ക്കരമായ അവസ്ഥയിലയിലാണ് റോഡുള്ളത്. മഴ പെയ്താൽ ചെളിനിറഞ്ഞും വെയിലുദിച്ചാൽ പൊടി പാറിയും ദുരിതത്തിലാണ് കാൽനടയാത്രക്കാർ. റോഡിന്റെ ശോചനീയാസ്ഥ കാരണം ഓട്ടോറിക്ഷ ഇങ്ങോട്ടേക്ക് സവാരി വരാറില്ല. ചുറ്റിവളഞ്ഞ് വേണം ഓട്ടോറിക്ഷയിൽ ഇങ്ങോട്ടേക്കെത്താൻ. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതിലൂടെ ദിവസവും സ്കൂളിലേക്ക് പോവുന്നത്.
പാലിക്കപ്പെടാത്ത ഉറപ്പുകൾ
റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പലവട്ടം പ്രദേശവാസികൾ നഗരസഭയെ സമീപിച്ചിരുന്നു.
നടപടിയുണ്ടാകാഞ്ഞതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകി.
കളക്ടർ ഇക്കാര്യത്തിൽ ഇടപെടുകയും ഒക്ടോബർ 31നകം റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ പൊന്നാനി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തെങ്കിലും അതും നടപ്പായില്ല.
എട്ട് മാസം മുമ്പ് നടന്ന വാർഡ്സഭ യോഗത്തിൽ നിലവിലെ കരാറുകാരനെ ഒഴിവാക്കി റോഡ് പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
റോഡിന്റെ ദുരവസ്ഥയെ പറ്റിയും നിലവിലെ കരാറുകാരനെ വീണ്ടും കരാർ ജോലി ഏൽപ്പിച്ചതിനെപ്പറ്റിയും റോഡിനോട് ചേർന്നുള്ള അശാസ്ത്രീയ കാന നിർമ്മാണത്തെ പറ്റിയും അന്വേഷണം നടത്തണം
എ. പവിത്രകുമാർ
കെ. കരുണാകരൻ സ്റ്റഡി സെന്റർ പൊന്നാനി ബ്ലോക്ക് ചെയർമാൻ