മലപ്പുറം: ആഗസ്റ്റിലെ പ്രളയത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള കാത്തിരിപ്പ് നീളുന്നത് കർഷകരെ കടുത്ത ദുരിതത്തിലാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ചത് ജില്ലയിലാണ്. 38,083 കർഷകർക്ക് മൊത്തം 203.62 കോടിയുടെ വിളനാശമുണ്ടായി. 4751.28 ഹെക്ടറിലെ കൃഷി നശിച്ചു. വില്ലേജ് അടിസ്ഥാനത്തിൽ കൃഷിഭവനുകൾ മുഖേന നടത്തിയ കണക്കെടുപ്പ് സംസ്ഥാന കൃഷി വകുപ്പിന് കൈമാറിയിട്ടുണ്ട്.
തുടർച്ചയായുണ്ടായ പ്രളയം ജില്ലയിൽ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് മൂലം കൃഷി നാശം സംബന്ധിച്ച കണക്കെടുപ്പ് തന്നെ ഏറെ വൈകിയാണ് പലയിടങ്ങളിലും പൂർത്തിയായത്. ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പയെടുത്ത് കൃഷിയിറക്കിയവർ തിരിച്ചടയ്ക്കാൻ മാർഗ്ഗമില്ലാതെ നെട്ടോട്ടമോടുകയാണ്. കാർഷിക വായ്പകൾക്ക് മേലുള്ള ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചതാണ് കർഷകർക്കുള്ള ഏക ആശ്വാസം. വിള ഇൻഷ്വറൻസ് പദ്ധതിയും പ്രകൃതിക്ഷോഭം പദ്ധതിയും പ്രകാരംസംസ്ഥാന ഫണ്ടും എസ്.ഡി.ആർ ഫണ്ടും നൽകാനുള്ള നടപടികൾ നീളുന്നതാണ് തിരിച്ചടി. നാമമാത്രമായ കർഷകരാണ് ജില്ലയിൽ വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.