തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റിയിൽ 114 പഠന ബോർഡുകൾ ഇല്ലാതായിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലുംപകരം നിയമനങ്ങളായിട്ടില്ല. ഇതോടെ തുല്യത സർട്ടിഫിക്കറ്റും സിലബസും അംഗീകരിച്ചു കിട്ടാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി.
ഒമ്പതു മുതൽ 11 വരെ അംഗങ്ങളെ ബോർഡിൽ സിൻഡിക്കേറ്റിന് നിയമിക്കാം. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് വി.സിയാണ്. ഇപ്പോഴുള്ള വി.സി ഈ മാസം ഇരുപതിന് കാലാവധി കഴിയും. വൈസ് ചാൻസലർ പോയ ശേഷം മാത്രം നിയമനം മതിയെന്ന ചിന്തയാണ് ഇടതു ഭൂരിപക്ഷ സിൻഡിക്കേറ്റിനുള്ളതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ബോർഡിലും ഫാക്കൽറ്റിയിലും യു.ഡി.എഫ് അംഗങ്ങൾ വരാതിരിക്കാനാണ് രണ്ട് മാസമായി അനിശ്ചിതത്വം തുടർന്നിട്ടും ബോർഡ് പുനഃസംഘടിപ്പിക്കാതിരിക്കുന്നതെന്നാണ് ആരോപണം.
മൂന്ന് വർഷമാണ് പഠന ബോർഡുകളുടെ കാലാവധി. അടുത്ത ഫാക്കൽറ്റി രൂപവത്കരിക്കുന്നത് വരെ ഇപ്പോഴത്തെ ഫാക്കൽറ്റിക്ക് തുടരാം. 14 ഫാക്കൽറ്റികളാണുള്ളത്.