വന്ധ്യംകരണത്തിന് സെന്ററില്ല
മലപ്പുറം: തെരുവുനായകളെ വന്ധ്യംകരിക്കാൻ ലക്ഷ്യമിട്ടുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ വീണ്ടും മുടങ്ങി. കഴിഞ്ഞ 25ന് സിവിൽസ്റ്റേഷനിൽ നിന്ന് ഏഴോളം നായകളെ പിടികൂടി ചുങ്കത്തറ മൃഗാശുപത്രിയിലെത്തിച്ച് വന്ധ്യംകരിച്ചതൊഴിച്ചാൽ പിന്നീട് അനക്കമൊന്നുമുണ്ടായില്ല. കുടുംബശ്രീയുടെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച നാല് ടീമുകൾ ജില്ലയിലുടനീളം പ്രവർത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. വന്ധ്യംകരണത്തിനായി രണ്ട് വെറ്ററിനറി സർജ്ജൻമാരെയും നിയോഗിച്ചിരുന്നു. ചുങ്കത്തറയിൽ സജ്ജമാക്കിയ എ.ബി.സി സെന്ററിലേക്ക് നായകളെ എത്തിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത എതിർപ്പുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് നായകളെ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. പിടികൂടിയ നായകളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിച്ച് മൂന്നുദിവസം പരിചരണം നൽകി മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടുന്നതാണ് പദ്ധതിയുടെ രീതി. നേരത്തെ വന്ധ്യംകരിക്കാനായി ഇവിടേയ്ക്കെത്തിച്ച നായ്ക്കളുടെ ശബ്ദകോലാഹലങ്ങളും വിസർജ്ജ്യങ്ങളും മൂലം ഏറെ ദുരിതത്തിലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ എതിർപ്പ്. ഇതോടെ വന്ധ്യംകരണത്തിനും നായകളെ പാർപ്പിക്കാനുമായി മറ്റൊരു സെന്റർ ആവശ്യമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും കൂട്ടായി പരിശ്രമിച്ചാലേ പ്രശ്നത്തിന് പരിഹാരമാവൂ.
മലപ്പുറത്ത് 125 വെറ്ററിനറി ക്ലിനിക്കുകളുണ്ട്. നിലമ്പൂർ, മഞ്ചേരി, തിരൂർ, പൊന്നാനി എന്നിങ്ങനെ കുറഞ്ഞത് നാല് മേഖലകളിലെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ സൗകര്യമൊരുക്കിയാൽ പദ്ധതി കൂടുതൽ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാവുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തിരൂർ മുനിസിപ്പാലിറ്റിയിൽ 20 ലക്ഷം ചെലവഴിച്ച് ക്ലിനിക്കിന് തുടക്കമിട്ടിട്ടുണ്ടെങ്കിലും ഇതു പ്രവർത്തനം തുടങ്ങിയിട്ടില്ല.
കണ്ടുപഠിക്കണം പാലക്കാടിനെ
ജില്ലയ്ക്കൊപ്പം പദ്ധതി തുടങ്ങിയ പാലക്കാട് ജില്ലയിൽ 12 ക്ലിനിക്കുകളുണ്ട്. വന്ധ്യംകരിക്കാനും സംരക്ഷിക്കാനുമുളള സൗകര്യങ്ങളാണ് തദ്ദേശസ്ഥാപനങ്ങളുടെ ഒത്തൊരുമയിൽ യാഥാർത്ഥ്യമായത്.
മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുളള ഫാമുകളിൽ ഇതിനപേക്ഷിച്ചിട്ടും അനുവദിക്കുന്നില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിറുത്തി ക്ലിനിക്കിനായി ഭൂമിയനുവദിക്കുന്നതിൽ തടസമില്ലെങ്കിലും വകുപ്പുകൾ തമ്മിലുളള ഏകോപനമില്ലായ്മ തടസമാവുന്നു.
തെരുവുനായയെ പിടികൂടി വന്ധ്യംകരിച്ച് മൂന്നുദിവസം പാർപ്പിക്കുന്നതിന് കുടുംബശ്രീക്ക് 2,100 രൂപ നൽകും.
ഒന്നിച്ച് കൂടുതൽ നായകളെ വന്ധ്യംകരിക്കാനായാലേ പദ്ധതി ഫലപ്രദമാവൂ. കുറഞ്ഞത് 70 ശതമാനം നായകളെയെങ്കിലും വന്ധ്യംകരിക്കാനാവണം. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഏറെ നിർണ്ണായകമാണ്.
ഡോ. അയ്യൂബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
നാട്ടുകാരുടെ എതിർപ്പ്മൂലം ചുങ്കത്തറ സെന്ററിലേക്ക് നായകളെ കൊണ്ടുപോവാനാവില്ല. മറ്റൊരു സെന്റർ കിട്ടിയാലേ പദ്ധതി നടപ്പാക്കാനാവൂ. ഇതിനായി ശ്രമിക്കുന്നുണ്ട്.
കെ.എം. വിനോദ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ
12,000 തെരുവ് നായകൾ ജില്ലയിലുണ്ട്