പൊന്നാനി: തുറമുഖ വകുപ്പിന് കീഴിൽ പൊന്നാനി അഴിമുഖത്തോടു ചേർന്ന പുഴയുടെ ആഴം കൂട്ടാൻ ചളി കലർന്ന മണലെടുക്കാൻ നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഇനി കർശന നടപടി. മണലെടുപ്പിനായി നിശ്ചയിച്ച ദൂരം ലംഘിച്ച് തീരത്തോടു ചേർന്ന് വ്യാപകമായി മണലെടുക്കുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് തുറമുഖ വകുപ്പും പൊന്നാനി നഗരസഭയും കർശന നടപടിയുമായി രംഗത്തെത്തുന്നത്. അഴിമുഖത്തുനിന്ന് 2.6 കിലോമീറ്റർ ദൂരത്തിൽ തീരത്തുനിന്ന് 500 മീറ്റർ വിട്ടാണ് മണലെടുക്കാൻ പരിധി നിശ്ചയിച്ചിരിക്കുന്നത്.
പരിധി ലംഘിക്കുന്ന മണൽ വഞ്ചികൾക്ക് ഉയർന്ന പിഴയീടാക്കും. തൊഴിലാളികളെ പിരിച്ചുവിടും. നടപടികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. മണലെടുക്കുന്ന വഞ്ചികൾ പരിധി ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും തീരുമാനമായി.
കർമ്മ റോഡിനോട് ചേർന്ന് പുഴയുടെ തീരഭാഗത്തുനിന്ന് വ്യാപകമായി മണലെടുക്കുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് മണൽ തൊഴിലാളി സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു ചേർത്ത് കർശന തീരുമാനങ്ങളെടുത്തത്. പരിധി ലംഘിച്ച് മണലെടുത്ത തൊഴിലാളികൾക്ക് താക്കീത് നൽകി. ഇനി ആവർത്തിക്കില്ലെന്ന് തൊഴിലാളി പ്രതിനിധികൾ എഴുതി നൽകുകയും ചെയ്തു.
അഴിമുഖം മുതൽ കനോലി കനാൽ ഭാരതപ്പുഴയോട് ചേരുന്ന ഭാഗം വരെയുള്ള പുഴയുടെ വിസ്തീർണ്ണത്തിലേ മണലെടുക്കാവൂ. എന്നാൽ ഇതിനപ്പുറത്ത് ചാണ, കൈലാസംകളം മേഖലകളിൽ നിന്ന് വ്യാപകമായ മണലെടുപ്പാണ് നടത്തിയിരുന്നത്. പ്രളയത്തെ തുടർന്ന് പുഴയിൽ അടിഞ്ഞു കൂടിയ ശുദ്ധമണലാണ് എടുത്തിരുന്നത്.
തൊഴിലാളി സംഘടന പ്രതിനിധികളുമായുള്ള ചർച്ചയിൽ നിയമസഭ സ്പീക്കറുടെ പ്രതിനിധി, നഗരസഭ സെക്രട്ടറി, പോർട്ട് കൺസർവേറ്ററുടെ പ്രതിനിധി എന്നിവർ സംബന്ധിച്ചു.