ജീവനൊടുക്കിയത്ഓഫീസ് വൃത്തിയാക്കിയ ശേഷം
നിലമ്പൂർ: പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ നിലമ്പൂർ ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ചിലെ പാർട്ട് ടൈം സ്വീപ്പർ വണ്ടൂർ തൃക്കൈക്കുത്ത് കാഞ്ഞിരംപാടം കുന്നത്ത് രാമകൃഷ്ണൻ (52) ഓഫീസിൽ തൂങ്ങിമരിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെ ഓഫീസിലെത്തിയ രാമകൃഷ്ണൻ അരമണിക്കൂറോളം ഓഫീസ് വൃത്തിയാക്കി. ശേഷം ജീവനൊടുക്കുകയായിരുന്നെന്നാണ് വിവരം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ ചിലർ തത്സമയം ഓഫീസിലുണ്ടായിരുന്നു. എന്നാൽ 9 മണിയോടെ ഓഫീസിലെത്തിയ മറ്റ് ജീവനക്കാരാണ് സ്വിച്ച് റൂമിൽ പ്ളാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ രാമകൃഷ്ണനെ കണ്ടത്.
കഴിഞ്ഞ 30 വർഷത്തോളമായി ബി.എസ്.എൻ.എല്ലിലെ ദിവസ വേതന ജീവനക്കാരനാണ് രാമകൃഷ്ണൻ. 10 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ മനോവിഷമത്തിലായിരുന്നു. ഈ മാസം മുതൽ പാർട്ട് ടൈം സ്വീപ്പറുടെ ജോലി രണ്ട് ദിവസമായി കുറച്ച് ഉത്തരവിറങ്ങിയിരുന്നു. ഇതോടെ മാസശമ്പളം 2266 രൂപയായി കുറഞ്ഞു. ഇതേ തുടർന്ന് രാമകൃഷ്ണൻ സമ്മർദ്ദത്തിലായിരുന്നു. കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങളേറെയുണ്ട്. ഒരു കൈയ്‌ക്ക് സ്വാധീനമില്ലാത്തതിനാൽ രാമകൃഷ്ണന് കുടുംബം പുലർത്താൻ മറ്റു മാർഗങ്ങളില്ലായിരുന്നു. മകൻ ഡിഗ്രി പൂർത്തിയാക്കിയതേയുള്ളൂ. മകൾ എസ്.എസ്.എൽ.സി വിദ്യാർത്ഥിയാണ്. ഭാര്യ വീട്ടമ്മയും.
സംഭവത്തെ തുടർന്ന് നിലമ്പൂർ സി.ഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിവരം പുറത്തറിഞ്ഞതോടെ ഓഫീസിന് മുന്നിൽ കരാർ ജീവനക്കാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇൻക്വസ്റ്റ് നടപടികൾക്കിടെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ബി.എസ്.എൻ.എൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്.
രാമകൃഷ്ണന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ:നിർമ്മല. മക്കൾ: വൈഷ്‌ണവ്, വിസ്‌മയ.
വലിയ സമ്മർദ്ദത്തിലായിരുന്നു
ശമ്പളം ലഭിക്കാതായതുമുതൽ രാമകൃഷ്ണൻ വലിയ സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹോദരൻ ശിവദാസൻ പറഞ്ഞു.
' എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്ന് എപ്പോഴും പറയുമായിരുന്നു. അപ്പോൾ ഞങ്ങൾ സമാധാനിപ്പിക്കും. ജോലിദിവസങ്ങൾ വെട്ടിച്ചുരുക്കിയതോടെ മാനസികമായി തളർന്നു."- ശിവദാസൻ പറയുന്നു. സാമ്പത്തികബുദ്ധിമുട്ട് കാരണം നാലുകിലോമീറ്ററിലേറെ നടന്നാണ് രാമകൃഷ്ണൻ ദിവസവും ജോലിക്ക് പോയിരുന്നത്. ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലാണ് രാമകൃഷ്ണന് ജോലികിട്ടിയത്.