പൊന്നാനി: മന്തുരോഗ ഭീതി നിറഞ്ഞ ഇന്നലെകളിൽ നിന്ന് പൂർണ്ണ മന്ത് രോഗ നിവാരണത്തിലേക്ക് പൊന്നാനി തീരദേശം മാറുന്നു. ഈ ലക്ഷ്യം വച്ച് മന്തുരോഗ നിവാരണ സാമൂഹ്യ ചികിത്സാ പരിപാടി പൊന്നാനി നഗരസഭ പ്രദേശത്ത് 11 മുതൽ 20 വരെ നടക്കും.
100 പേരിൽ 30 പേർക്ക് മന്തുരോഗ അണുക്കൾ കണ്ടെത്തിയിരുന്ന പൊന്നാനിയിൽ ഇപ്പോൾ 1000ൽ അഞ്ചുപേർക്കേ അണുസാന്നിദ്ധ്യം കണ്ടെത്തുന്നുള്ളൂ. 15 വർഷത്തിനിടെയാണ് ഈ മാറ്റം. ഇത്തവണത്തെ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി ഫലപ്രദമായി നടപ്പാക്കാനായാൽ അടുത്ത വർഷത്തോടെ പൊന്നാനി സമ്പൂർണ്ണ മന്ത് രോഗമുക്തമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കഴിഞ്ഞ വർഷം 60 ശതമാനം പേരേ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി മന്തുഗുളിക കഴിച്ചിരുന്നുള്ളൂ.
നിലവിൽ കാലിലും മറ്റും വീക്കമുള്ള 300 മന്തുരോഗികളാണ് പൊന്നാനിയിലുള്ളത്. ഇവർ 15 വർഷത്തിലേറെ പഴക്കമുള്ള രോഗവാഹകരാണ്. നഗരസഭയിലെ തീരദേശത്തുള്ള ഒന്നോ രണ്ടോ വാർഡുകളിൽ മാത്രമാണ് മന്തുരോഗത്തിന്റെ അണുക്കളുടെ സാന്നിദ്ധ്യമുള്ളവരെ കണ്ടെത്തിയത്. ഇത്തവണത്തെ തീവ്രചികിത്സ പരിപാടിയിലൂടെ ഈ മേഖലയെ മന്ത് രോഗഭീതിയിൽ നിന്ന് മുക്തമാക്കാനാവും. കൊതുക് നിയന്ത്രണത്തോടൊപ്പം പ്രതിരോധ ഗുളികകളുടെ ഉപയോഗവും അനിവാര്യമാണ്. മന്തുരോഗ വ്യാപനത്തിൽ പൊന്നാനിക്കുണ്ടായ വലിയ മാറ്റത്തിന് പിന്നിൽ സാമൂഹ്യചികിത്സാ പരിപാടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
11 മുതൽ 14 വരെയുള്ള തീയതികളിൽ പൊന്നാനി താലൂക്ക് ആശുപത്രിയുടെയും ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പരിധിയിലെ മുഴുവൻ വീടുകളിലും ഗൃഹസന്ദർശനം നടത്തി ഡി.ഇ.സി, ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യും.
ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ, അംഗനവാടി പ്രവർത്തകർ ഉൾപ്പെടെ 500 പേരെ 200 ടീമുകളായി തിരിച്ച് ഗുളിക വിതരണം നടത്തും.
15ന് ബസ് സ്റ്റാന്റുകളിൽ ബൂത്തുകൾ ഒരുക്കി ഗുളിക വിതരണം ചെയ്യും. 16 മുതൽ 20 വരെ വീടുകളിൽ വീണ്ടും സന്ദർശനം നടത്തും. ഗുളിക കഴിച്ചിട്ടില്ലാത്തവർക്ക് തുടർ ബോധവത്ക്കരണം നൽകും.
ശ്രദ്ധിക്കാൻ
ഗുളിക കഴിക്കുമ്പോൾ മൈക്രോഫൈലേറിയ സാന്നിദ്ധ്യമുള്ളവരിൽ അലർജിയും മയക്കവും അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങൾ നേരിടാൻ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കി.
മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയിൽ മുഴുവൻ ആളുകളെയും പങ്കെടുപ്പിക്കാനായാൽ പൊന്നാനി അടുത്ത വർഷത്തോടെ മന്തുരോഗമുക്തമാകും ഡോ.കെ സക്കീന
ജില്ല മെഡിക്കൽ ഓഫീസർ
ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ചാമ്പ്യൻമാർ
വളാഞ്ചേരി: വളാഞ്ചേരി എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ മൂന്നുദിവസമായി നടന്ന കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു.എച്ച്.എസ്.എസ് വിഭാഗത്തിൽ ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. മാറാക്കര വി.വി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വളാഞ്ചേരി വി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. ഇരിമ്പിളിയം ഗവ.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ പൈങ്കണ്ണൂർ ഗവ.യു.പി സ്‌കൂളും വൈക്കത്തൂർ എ.യു.പി സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എച്ച്.എസ്.എസ് ആതവനാടും എ.യു.പി.എസ് കാടാമ്പുഴയും രണ്ടാം സ്ഥാനം പങ്കിട്ടു. എൽ.പി വിഭാഗത്തിൽ ജി.എം.എൽ.പി.എസ് കല്ലാർമംഗലം ചാമ്പ്യൻമാരായി. ജി.എൽ.പി.എസ് ചെല്ലൂർ രണ്ടാംസ്ഥാനം നേടി.