മലപ്പുറം: പത്ത് മാസമായി ശമ്പളം മുടങ്ങിയതോടെ ആത്മഹത്യയുടെ മുനമ്പിലാണ് ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ. നിലമ്പൂർ ഓഫീസിലെ സ്വീപ്പറായ കാരാട് തൃക്കേകുത്ത് രാമകൃഷ്ണൻ (52) ഇന്നലെ രാവിലെ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു. ഒരുകൈയിന് സ്വാധീനമില്ലാത്ത രാമകൃഷ്ണന് രണ്ട് പെൺമക്കളുള്ള കുടംബം പുലർത്താൻ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. പട്ടിണിക്കൊപ്പം ബാങ്ക് വായ്പ്പ തിരിച്ചടവ് കൂടി മുടങ്ങിയതോടെ മിക്കവരും കടുത്ത നിരാശയിലാണ്.
മലപ്പുറത്ത് ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജർ ഓഫീസിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹ സമരം 130 ദിവസം പിന്നിട്ടിട്ടും ശമ്പള കുടിശ്ശിക നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ചർച്ചയിൽ ഒരുമാസത്തെ ശമ്പളം നൽകാമെന്നാണ് അധികൃതരുടെ വാക്കാലുള്ള വാഗ്ദാനം. ഇതെന്ന് നൽകുമെന്ന് പോലും ഉറപ്പുനൽകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വീട്ടുവാടക നൽകാനില്ലാതെ ഏതുസമയവും തെരുവിലിറങ്ങേണ്ട ഗതികേടിലാണ് പലരും. സ്കൂൾ വണ്ടിയുടെ വാടകയും മുടങ്ങിയതോടെ കുട്ടികളെ കൊണ്ടുപോവാൻ വണ്ടിക്കാരും തയ്യാറാവുന്നില്ല. ഓപ്പറേഷൻ പോലും മാറ്റിവയ്ക്കേണ്ട അവസ്ഥയുണ്ടായവരുണ്ട്.
ഒന്നും നടന്നില്ല
363 കരാർ തൊഴിലാളികളാണ് സമരരംഗത്തുള്ളത്. ജനുവരി മുതലാണ് വേതനം മുടങ്ങിയത്.
478 രൂപയിൽ പി.എഫ് പിടിച്ചാൽ 422 രൂപയാണ് ലഭിക്കുക. ഞായർ അവധിയായതിനാൽ മാസം 11,000 രൂപയിൽ താഴെയേ ലഭിക്കൂ.
2017 മുതൽ വേതനം 635 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. 250 ദിവസത്തെ സർവീസുള്ളവരെ നേരത്തെ സ്ഥിരം തൊഴിലാളിയാക്കിയതിൽ പ്രതീക്ഷയർപ്പിച്ചാണ് പലരും തുച്ഛവേതനത്തിൽ വർഷങ്ങളായി പിടിച്ചുനിന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പള കുടിശ്ശികയ്ക്ക് കാരണമായി ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത്.
തൊഴിലാളികൾ കടുത്ത പട്ടിണിയിലും ദുരിതത്തിലുമാണ്. ബാങ്ക് വായ്പ്പയടക്കം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു രാമകൃഷ്ണൻ. മരണത്തിന് പിന്നാലെ ബി.എസ്.എൻ.എല്ലും കരാർ ഏജൻസിയും ഒരുപോലെ കൈയൊഴിയുകയാണ്. കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
പി. കേശവദാസ്,
ജില്ലാ സെക്രട്ടറി
കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ