sss
.

മലപ്പുറം: നബിദിനാഘോഷ പരിപാടികളിൽ വിപണികളിൽ വിൽക്കാനായി എത്തിയ പലഹാരങ്ങളിലും മിഠായികളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്. ആഘോഷത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മഞ്ചേരിയിൽ നിന്നും കാലാവധി കഴിഞ്ഞ നൂറ് കിലോ മിഠായി പിടിച്ചെടുത്തതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ ജി. ജയശ്രീ അറിയിച്ചു. പിടിച്ചെടുത്തവയിൽ നിന്നും സാമ്പിൾ ശേഖരിച്ച് തുടർ പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിലേക്ക് അയക്കുകയും ബാക്കിയുളളവ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നശിപ്പിക്കുകയും ചെയ്തു. ഇത്തരം പദാർത്ഥങ്ങൾ വിപണിയിൽ ലഭ്യമാകാതിരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കും.
നബിദിനാഘോഷ പരിപാടികളിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണം. അവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ വഴി ജില്ലയിലെ എല്ലാ മഹൽ കമ്മറ്റികളിലും മദ്രസകളിലും എത്തിച്ചതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

 വിതരണം ചെയ്യുന്ന ഭക്ഷണപാനീയങ്ങൾ ശരിയായ ലേബൽ വിവരങ്ങൾ ഉളളതാണെന്ന് ഉറപ്പാക്കണം. അമിതമായി കളർ ചേർത്ത ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.
 ചൂടുളള ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിൽ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.

 നബിദിനം പരിസ്ഥിതി സൗഹൃദമാക്കാൻ ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക്, തെർമോകോൾ, പേപ്പർ, അലുമിനിയം ഫോയിൽ ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയ്ക്ക് പകരം പരമാവധി സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസുകൾ കപ്പുകൾ എന്നിവ ഉപയോഗിക്കുക.
 ഭക്ഷണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്നും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം വൃത്തിയുളളതാണെന്നും ഉറപ്പു വരുത്തുക.
 പഴവർഗങ്ങൾ വിതരണത്തിൽ ഉൾപ്പെടുത്തുക. മദ്രസകളുടെ സമീപത്ത് അനധികൃതമായ മിഠായി, ഉപ്പിലിട്ടത്, ഐസ്‌ക്രീം മുതലായ കച്ചവടങ്ങൾ അനുവദിക്കാതിരിക്കുക. ജങ്ക് ഫുഡ്, കോള മുതലായ ശീതളപാനീയങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
 ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെളളത്തിന്റെയും ഐസിന്റെയും ഗുണനിലവാരം ശ്രദ്ധിക്കണം.
 കാലവാധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും വിതരണം ചെയ്യുന്നില്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം. ഭക്ഷണപദാർത്ഥങ്ങൾ പ്രിന്റഡ് പേപ്പറിലോ ന്യൂസ് പേപ്പറിലോ പൊതിഞ്ഞുകൊടുക്കാൻ പാടുളളതല്ല.

നബിദിനാഘോഷങ്ങൾ ആരോഗ്യപരമായിരിക്കണം

മലപ്പുറം: ജില്ലയിലെ നബിദിനാഘോഷ പരിപാടികൾ പ്രകൃതി സൗഹൃദവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിലും നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകണം. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തടയുന്നതിനായി ഐസ് ഉപയോഗിച്ചുള്ള പാനീയങ്ങളും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കണം.