പൊന്നാനി: നഗരസഭ കൗൺസിൽ യോഗത്തിനിടെ ഉണ്ടായ ബഹളത്തിലും കൈയാങ്കളിയിലും ചെയർമാനടക്കം അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ്കുഞ്ഞി, സി.പി.എം കൗൺസിലർമാരായ ഖദീജ അക്കരയിൽ, കെ.പി.ശ്യാമള, പ്രതിപക്ഷ കൗൺസിലർമാരായ പറമ്പിൽ അത്തീഖ്, പത്മാവതി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ നടന്ന കൗൺസിൽ യോഗത്തിനിടെയാണ് സംഭവം.
ലൈഫ് ഭവന പദ്ധതിയിൽ അർഹരെ ഉൾപ്പെടുത്തിയില്ലെന്നും പദ്ധതി അട്ടിമറിക്കുകയാണെന്നുമാരോപിച്ച് പ്രതിപക്ഷം കൗൺസിൽ യോഗം തുടങ്ങിയ ഉടനെ ബഹളം വച്ചു. തുടർന്ന് അജൻഡ വലിച്ചു കീറി പ്രതിപക്ഷം പുറത്തിറങ്ങുന്നതിനിടെ ഒപ്പിട്ട് ചായ കുടിച്ച് പൊയ്‌ക്കോളൂ എന്ന നഗരസഭ ചെയർമാന്റെ പ്രയോഗം പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷ നിരയിലെ വനിത കൗൺസിലർ വി.ചന്ദ്രവല്ലി രംഗത്തെത്തി. തുടർന്ന് ഒന്നാം വാർഡ് കൗൺസിലർ പറമ്പിൽ അത്തീഖ് പ്രകോപിതനായി ചെയർമാന്റെ സീറ്റിന് മുന്നിലെത്തുകയും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. രോഷാകുലനായ കൗൺസിലറെ മറ്റു കൗൺസിലർമാർ പിടിച്ചു മാറ്റിയാണ് രംഗം ശാന്തമാക്കിയത്.
അത്തീഖിനെയും പത്മാവതിയെയുമാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചേംബറിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞിയെയും ഖദീജ അക്കരയിൽ, കെ.പി.ശ്യാമള എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയർമാന്റെ പരാതിയിൽ അത്തീഖിനെതിരെയും പ്രതിപക്ഷാംഗങ്ങളുടെ പരാതിയിൽ മൂന്ന് ഭരണപക്ഷ അംഗങ്ങൾക്കെതിരെയും കേസെടുത്തതായി പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജ് പറഞ്ഞു.
കൗൺസിലർക്ക് സസ്പെൻഷൻ
കൈയാങ്കളിയെ തുടർന്ന് കൗൺസിലർ പറമ്പിൽ അത്തീഖിനെ കൗൺസിലിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി അറിയിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കിന് ശേഷം തുടർന്ന യോഗത്തിൽ കൗൺസിലറുടെ പ്രവൃത്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തി. തുടർന്ന് കൗൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കൗൺസിലറുടെ മാന്യമല്ലാത്ത പ്രതികരണത്തിനെതിരെ നടപടി കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മുഹമ്മദ് അറിയിച്ചതോടെയാണ് ഭരണപക്ഷ അംഗങ്ങൾ ശാന്തരായത്. തുടർന്നാണ് സസ്‌പെൻഷൻ പ്രഖ്യാപിച്ചത്