kdkdk
.

മലപ്പുറം: ജില്ലയിൽ പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചവരിൽ 2,447 കുടുംബങ്ങൾക്ക് ഇനിയും റേഷൻ കാർഡ് ലഭിച്ചിട്ടില്ല. വിവിധ സർക്കാർ പദ്ധതികളിലേക്കും ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാൻ ഇതു തടസ്സമാവുന്നുണ്ട്. തിരൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ വിതരണം ചെയ്യാനുള്ളത്,​ 1,468 എണ്ണം. തിരൂരങ്ങാടിയിൽ - 408, പെരിന്തൽമണ്ണ - 300, ഏറനാട് - 271 എണ്ണം എന്നിങ്ങനെയും വിതരണം ചെയ്യാനുണ്ട്. കൊണ്ടോട്ടി, പൊന്നാനി, നിലമ്പൂർ താലൂക്കുകളിൽ മുഴുവൻ അപേക്ഷകളിലും കാർഡുകൾ വിതരണം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും തിരൂർ താലൂക്കിലാണ്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി സെപ്തംബർ 30നകം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് പിന്നാലെ അധികൃതർ മറ്റു ജോലികൾ ഇതിനായി മാറ്റിവച്ചതാണ് കാർഡുടമകൾക്ക് വിനയായത്. സമയപരിധി പിന്നീട് ഒക്ടോബർ വരെ നീട്ടുകയും ചെയ്തു.

ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ അംഗമാവുന്നതിന് റേഷൻ കാർഡില്ലാത്തത് തടസ്സമാകുന്നുണ്ട്. പദ്ധതിക്ക് റേഷൻ കാർഡ് നിർബന്ധമാക്കരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതു പലപ്പോഴും അവഗണിക്കപ്പെടുന്നു. ലൈഫ് ഭവന പദ്ധതിയിൽ അംഗമാവുന്നതിനായി ലഭിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീർപ്പാക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.

കഴിഞ്ഞ നാല് വർഷമായി പുതിയ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. 2018 ജൂൺ മുതലാണ് അപേക്ഷ വീണ്ടും സ്വീകരിച്ചത്. ജില്ലയിൽ ഓരോ താലൂക്കുകളിലും ലഭിക്കുന്ന അപേക്ഷകൾ വളരെ കൂടുതലായതും ജീവനക്കാരുടെ കുറവും തുടക്കത്തിൽ വലിയ വെല്ലുവിളിയുയർത്തിയിരുന്നു. സിവിൽ സപ്ലൈസ് ജീവനക്കാർ അധികസമയം ജോലി ചെയ്താണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ജില്ലയിൽ 1,07,203 അപേക്ഷകളിൽ 97,804 ലും തീർപ്പ് കൽപ്പിച്ചതായും സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.