മലപ്പുറം: നൂറ് വനിതകൾ ഉൾപ്പടെ 200 പേർ കൂടി വൈകാതെ അഗ്നിശമന സേനയുടെ ഭാഗമാവുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കേരള ഫയർ സർവീസസ് അസോസിയേഷൻ പാലക്കാട് മേഖല സമ്മേളനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാൻ സർക്കാർ ജീവനക്കാർക്കാവണം. തങ്ങളുടെ സേവകരും താത്പര്യങ്ങൾ സംരക്ഷിക്കുന്നവരുമാണെന്ന് പൊതുജനത്തെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ഓരോ ജീവനക്കാരനുമുണ്ടെന്നും മന്ത്രി പറഞ്ഞു. വിശിഷ്ട സേവ മെഡൽ നേടിയ സേനാംഗങ്ങളെ മന്ത്രി ആദരിച്ചു. മേഖല പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, പാലക്കാട് ജില്ലാഫയർ ഓഫീസർ അരുൾ ഭാസ്ക്കർ, എ. ഷജിൽകുമാർ എം.വിഘ്നേഷ് തുടങ്ങിയവർ പങ്കെടുത്തു.