പൊന്നാനി: സ്‌കൗട്ട് പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചൊരു റിട്ട. അദ്ധ്യാപകനുണ്ട് പൊന്നാനിയിൽ, പി കോയക്കുട്ടി. സർവ്വീസിൽ നിന്ന് വിരമിച്ച് വർഷം 17 കഴിഞ്ഞു. പ്രായം എഴുപത്തിരണ്ടിലെത്തി. സ്‌കൗട്ട് യൂണിഫോമിട്ട് സ്‌കൂളുകൾ തോറും കയറിയിറങ്ങുന്ന മാഷെ കണ്ടാൽ ഇതൊന്നും തോന്നില്ല. സ്‌കൗട്ട് കോയക്കുട്ടിക്ക് ജീവവായുവാണ്. യൂണിഫോമിട്ട് കുട്ടികൾക്കു മുന്നിലേക്കിറങ്ങിയാൽ പ്രായം യുവത്വത്തിലേക്കെത്തിയെന്ന് സ്വയം തോന്നും. ഒരിക്കൽ സ്‌കൗട്ടായാൽ മരണം വരെ സ്‌കൗട്ട് തന്നെയെന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കുകയാണ് ഈ റിട്ട. അദ്ധ്യാപകൻ.
കഴിഞ്ഞ 55 വർഷമായി സ്‌കൗട്ടിനോട് ജീവിതം ചേർത്തുവെച്ചിരിക്കുകയാണ് പി.കോയക്കുട്ടി. പൊന്നാനി എ.വി. ഹൈസ്‌ക്കൂളിലെ പഠനകാലത്താണ് സ്‌കൗട്ടിൽ ചേരുന്നത്. അദ്ധ്യാപകനായ ഗോപിനാഥ വാര്യർക്ക് കീഴിലായിരുന്നു സ്‌കൗട്ട് പരിശീലനം. 1976ൽ എം.ഐ. ഹൈസ്‌ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ സ്‌കൗട്ട് അദ്ധ്യാപകനായി മാറി. 2002 ൽ വിരമിക്കുന്നത് വരെ തുടർന്നു. 21 രാഷ്ട്രപതി പുരസ്‌ക്കാരങ്ങളും, 86 രാജ്യ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിന് കീഴിൽ കുട്ടികളെ തേടിയെത്തി. സ്‌കൗട്ട് ജില്ലാ കമ്മീഷണറായും, സംസ്ഥാന അസിസ്റ്റന്റ് കമ്മീഷണറായും നിരവധി കാലം സേവനം ചെയ്തു. സ്‌കൗട്ട് പ്രസ്ഥാനത്തെ ജില്ലയിൽ വ്യാപിപ്പിക്കുന്നതിൽ കോയക്കുട്ടി മാസ്റ്റർ പ്രധാന പങ്ക് വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ചശേഷം വർഷങ്ങളോളം ജില്ലാ കമ്മീഷണറായിരുന്നു. നിലവിൽ ജില്ലാ സ്‌കൗട്ട് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. ദേശീയ, സംസ്ഥാന അദ്ധ്യാപക പുരസ്‌ക്കാരങ്ങൾ തേടിയെത്തിയ കോയക്കുട്ടി മാസ്റ്റർക്ക് അംഗീകാര നിറവിന് കാരണമായത് അദ്ധ്യാപനത്തോടൊപ്പം സ്‌കൗട്ട് പ്രവർത്തനങ്ങളിലെ മികവായിരുന്നു. 1995ലാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയത്. 1996ൽ ദേശീയ അവാർഡ് ലഭിച്ചു. പാലക്കാട് ജില്ല വിഭജിച്ച് മലപ്പുറം രൂപീകരിച്ച ഘട്ടത്തിൽ സ്‌കൗട്ടിന്റെ പ്രവർത്തനം ജില്ലയിൽ ക്ഷീണിച്ചപ്പോൾ ഉത്തേജന പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നവരിൽ കോയക്കുട്ടി മാസ്റ്റർ പ്രധാനിയായിരുന്നു. സ്‌കൗട്ടിന് പുറമെ സാക്ഷരത പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. നാല് വർഷം സാക്ഷരത കോർഡിനേറ്ററായി പ്രവർത്തിച്ചു. മദ്യനിരോധന സമിതിയിൽ ജില്ലയിലെ നെടുനായകത്വത്തിൽ ഇദ്ദേഹവുമുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മദ്യനിരോധന സമിതിയുടെ ജില്ലാ ഭാരവാഹിയാണ്. സർവ്വോദയ പ്രസ്ഥാനത്തിലും കോയക്കുട്ടി മാസ്റ്ററുടെ സജീവ സാന്നിധ്യമുണ്ട്. തിരുന്നാവായ സർവ്വോദയ മേളയുടെ നടത്തിപ്പുകാരിൽ പ്രധാനിയാണ്. ഗാന്ധി ദർശൻ സ്‌ക്കൂളുകളിൽ വ്യാപിപ്പിക്കുന്നതിലും നേതൃത്വം വഹിച്ചു. പാലിയേറ്റീവ് പ്രസ്ഥാനത്തിലും കോയക്കുട്ടി മാസ്റ്ററുണ്ട്.
സൗകൗട്ട് ആന്റ് ഗൈഡ്‌സിനൊപ്പം മക്കളേയും അദ്ദേഹം കൂടെ കൂട്ടിയിരുന്നു. മകൻ ഷാനവാസ് രാഷ്ട്രപതി പുരസ്‌ക്കാരം നേടിയിട്ടുണ്ട്. പെൺമക്കളായ ഷാജിദക്കും ഷാഹിനക്കും ഗൈഡ്‌സിൽ രാഷ്ട്രപതി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഷാജിദ സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റി ചുമതലയുള്ള അദ്ധ്യാപികയാണിപ്പോൾ. ഷാഹിന ഗൈഡ്‌സ് അധ്യാപികയാണ്. ഷാനവാസ് ഗൾഫിൽ എഞ്ചിനീയറാണ്. റിട്ട. അദ്ധ്യാപിക ആയിശയാണ് ഭാര്യ.
കെ വി നദീർ
പുതുപൊന്നാനി എം.ഐ.ഹയർസെക്കന്ററി സ്‌ക്കൂൾ ഫോർ ഗേൾസിലെ ഗൈഡ്‌സ് യൂണിറ്റ് പി.കോയക്കുട്ടി മാസ്റ്ററെ ഉപഹാരം നൽകി ആദരിക്കുന്നു.
പ്രളയത്തിൽ ഏറ്റവും കൂടുതൽ
11,52,752
കുലച്ച വാഴകൾ നശിച്ചു
69.16 കോടി രൂപ നഷ്ടം
12,24,797
കുലയ്ക്കാത്ത വാഴകൾ നശിച്ചു
48.99 കോടി രൂപ