മലപ്പുറം: ട്രാക്കിൽ കൗമാരത്തിന്റെ വീറും വാശിയും പ്രകടമാവുന്ന ജില്ലാ കായികമേളയ്ക്ക് നാളെ അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയത്തിൽ തുടക്കമാവും. രണ്ടുദിവസം കൊണ്ട് മത്സരം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതല്ലെങ്കിൽ 14ന് കൂടി നടത്തും. ഊർങ്ങാട്ടിരി പഞ്ചായത്ത് സ്റ്റേഡിയം, അരീക്കോട് ഓറിയന്റൽ ഹൈസ്കൂൾ മൈതാനം, സമീപത്തെ സ്വകാര്യ മൈതാനം എന്നിവിടങ്ങളിലാണ് മേള നടക്കുക. 99 ഇനങ്ങളിലായി 2,900ത്തോളം താരങ്ങൾ മേളയിൽ പങ്കെടുക്കും. 150ഓളം ഒഫീഷ്യലുകളും മേളയുടെ നടത്തിപ്പിനുണ്ടാവും. മത്സരാർത്ഥികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ കൗണ്ടർ ഇന്ന് മലപ്പുറത്തെ ഡി.ഡി.ഇ ഓഫീസിൽ പ്രവർത്തിക്കും. കായികാദ്ധ്യാപകരുടെ സമരത്തെ തുടർന്ന് ഉപജില്ലാ കായികമേളകളടക്കം ശനിയാഴ്ച്ചയോടെയാണ് പൂർത്തിയാക്കാനായത്. ജില്ലാ കായികോത്സവം സംബന്ധിച്ച വിവരം വെള്ളിയാഴ്ച്ച വൈകിട്ടാണ് എ.ഇ.ഒമാർക്ക് ലഭിച്ചത്. ഇതോടെ പലയിടങ്ങളിലും ഉപജില്ലാ മേളകളുടെ നടത്തിപ്പ് വേഗത്തിലാക്കുകയായിരുന്നു.
പൊടിപാറും ട്രാക്ക്
സാധാരണ കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിലാണ് ജില്ലാ കായികമേള നടക്കാറുള്ളത്. ഇവിടത്തെ മികച്ച ട്രാക്കും സൗകര്യങ്ങളും മത്സരാർത്ഥികൾക്ക് മികവ് പ്രകടമാക്കുന്നതിന് സഹായകമാവാറുണ്ട്. എന്നാൽ സൗകര്യങ്ങൾ തീർത്തും കുറവായ മൈതാനങ്ങളാണ് അരീക്കോടിൽ കായികമേളയ്ക്കായി ലഭിച്ചത്. 200 മീറ്റർ ട്രാക്കാണ് ഇവിടെയുള്ളതെന്നത് റിലേ മത്സരങ്ങളെ പ്രതികൂലമായി ബാധിക്കും. 16ന് സംസ്ഥാന കായികമേളയ്ക്ക് കണ്ണൂരിൽ തുടക്കമാവും. കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക്ക് ട്രാക്ക് ജില്ലാകായിക മേളയ്ക്കായി അനുവദിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.
ഞായറാഴ്ച്ച മുതൽ അന്തർ സർവകലാശാല ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് ഇവിടെ തുടങ്ങിയിട്ടുണ്ട്.