പൊന്നാനി: മതസൗഹാർദ്ദ വിളംബരമായി നബിദിന റാലിക്ക് അമ്പലമുറ്റത്ത് സ്വീകരണം നൽകി. പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിലും, കണ്ടേൻകുളങ്ങര ക്ഷേത്ര മുറ്റത്തുമാണ് നബിദിന റാലിക്ക് സ്വീകരണമൊരുക്കിയത്. മതത്തിന്റെ പേരിൽ പരസ്പരം കലഹിക്കുന്ന കാലഘട്ടത്തിൽ മതസൗഹാർദ്ദത്തിന്റെ തെളിനീരൊഴുക്കിയാണ് നബിദിന റാലിക്ക് ക്ഷേത്ര കമ്മറ്റി ഭാരവാഹികളും, നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയത്. പൊന്നാനി പുഴമ്പ്രം മഹല്ല് മദ്രസ്സയുടെ കീഴിൽ നടന്ന നബിദിന റാലിയെ മധുരം നൽകിയും, ശീതള പാനീയങ്ങൾ വിതരണം ചെയ്തുമാണ് ക്ഷേത്ര കമ്മറ്റി വരവേറ്റത്.
ഉത്സവ് പുഴമ്പ്രത്തിന്റെ നേതൃത്വത്തിൽ നബിദിന റാലിയെ സ്വീകരിച്ച ശേഷം ക്ഷേത്ര മുറ്റത്ത് വെച്ച് മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ടും നടന്നു. അണ്ടിത്തോട് അമ്പലക്കമ്മറ്റിയും, പുഴമ്പ്രം അയ്യപ്പ സേവാ സംഘവും ചേർന്നാണ് സ്വീകരണം നൽകിയത്. കഴിഞ്ഞ വർഷവും അമ്പലക്കമ്മറ്റി നബിദിന റാലിക്ക് സ്വീകരണം നൽകിയിരുന്നു.
തെയ്യങ്ങാട് ഹിദായത്തുൽ ഇസ്ലാം മദ്രസ് നടത്തിയ നബിദിന റാലിക്ക് കണ്ടേൻകുളങ്ങര ക്ഷേത്രത്തിലും സ്വീകരണം നൽകി. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ടി.വി.മോഹനൻ, ഗുരുസ്വാമിമാരായ സി.ഷൺമുഖൻ , ഉണ്ണി കൃഷ്ണൻ കമ്മറ്റി അംഗങ്ങളും ചേർന്നാണ് സ്വീകരണം നൽകിയത്.കൂടാതെ തെയ്യങ്ങാട് ബി.ജെ.പി. 21ാം വാർഡ് കമ്മിറ്റിയും റാലിക്ക് സ്വീകരണം നൽകി. വാർഡ് കൗൺസിലർ ടി. ബാബുരാജ്, ബൂത്ത് പ്രസിഡന്റ് ഷൺമുഖൻ മറ്റു പ്രവർത്തകരും ചേർന്നാണ് സ്വീകരണം നൽകിയത്.