മലപ്പുറം: ജില്ലയിലെ ഉത്സവങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നാട്ടാനകളെ എഴുന്നള്ളിക്കുന്നതിനും രജിസ്റ്റർ ചെയ്യാത്തവയെ ഉൾപ്പെടുത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. നാട്ടാനകളെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിച്ചു.
ആനയുടെ പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് യോഗം നിർദ്ദേശം നൽകി. ഉത്സവം നടത്തുന്നതിനുള്ള അപേക്ഷ പൊലീസ് വകുപ്പിലെ എസ്.എച്ച്.ഒയ്ക്കോ ഡി.വൈ.എസ്.പിക്കോ ലഭിക്കുമ്പോൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണം.
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ.പി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അയൂബ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.ചന്ദ്രൻ, നിലമ്പൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.ഡി ശശിധരൻ, ജില്ലാ ഫയർഫോഴ്സ് പ്രതിനിധി മൂസ വടക്കേതിൽ, സബ് ഇൻസ്പെക്ടർ കെ.കുര്യൻ, കേരള എലഫന്റ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഷാജി പൈനാശ്ശേരി, ആനത്തൊഴിലാളി യൂണിയൻ സംഘം പ്രതിനിധി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപേക്ഷിക്കാൻ
ഉത്സവങ്ങൾ നടത്താനുള്ള അപേക്ഷ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ മൂന്ന് ദിവസത്തിന് മുമ്പ് നൽകണം
അഞ്ചിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ 30 ദിവസം മുമ്പ് അപേക്ഷിക്കണം.
kcems.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ മുഖേനയും അപേക്ഷിക്കാം.
അഞ്ചിലധികം ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവക്കമ്മിറ്റിക്കാർ നിർബന്ധമായും 25 ലക്ഷത്തിൽ കുറയാത്ത പബ്ലിക് ലാബിലിറ്റി ഇൻഷ്വറൻസും എലഫന്റ് സ്ക്വാഡിനെ ഏൽപ്പിക്കാൻ 3000 രൂപയും ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഒടുക്കി രസീത് കൈപ്പറ്റണം