പെരിന്തൽമണ്ണ: അമ്മിനിക്കാട് ദുബായിപ്പടി ലക്ഷം വീട് റോഡിലെ പാലം അപകടാവസ്ഥയിൽ. നഗരസഭയിലെ പ്രധാന റോഡിലെ പാലത്തെ താങ്ങി നിറുത്തുന്ന കരിങ്കൽക്കെട്ട് തകർന്നിട്ട് മാസങ്ങളായി. പ്രളയകാലത്ത് വെള്ളം കയറി തോടിന് കുറുകെയുള്ള ഈ പാലത്തിന് കൂടുതൽ ബലക്ഷയം സംഭവിച്ചിരുന്നു. പ്രളയകാലത്ത് മാനത്തുമംഗലം ബൈപാസിൽ വെള്ളം കയറിയപ്പോൾ യാത്രക്കാർക്ക് പട്ടിക്കാട് ഭാഗത്തേക്ക് പോകാൻ ഏക ആശ്രയമായിരുന്ന റോഡിലെ പാലമായിരുന്നു ഇത്. അപകടാവസ്ഥയിൽ തുടരുന്ന പാലത്തിലൂടെ സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും നിത്യേന കടന്നുപോകുന്നുണ്ട്. റോഡിലെ പാലത്തിന്റെ കൈവരികളും പൂർണ്ണമായി തകർന്നു കിടക്കുകയാണ്. പാലം എത്രയും വേഗത്തിൽ പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.